ആരോഗ്യരംഗത്തു മുന്നേറുമ്പോഴും കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ നൂറുശതമാനം നേട്ടം കൈവരിക്കാനാകാതെ കേരളം. തെറ്റായ പ്രചാരണം മൂലം കുത്തിവെപ്പ് ഇപ്പോഴും 94 ശതമാനത്തിൽ നിൽക്കുകയാണ്. ഇതുമൂലം പല സാംക്രമിക രോഗങ്ങളും ഇപ്പോഴും നിയന്ത്രണവിേധയമല്ല.മലപ്പുറം ജില്ലയാണു പ്രതിരോധ കുത്തിവെപ്പിൽ ഏറെ പിന്നിൽ (86 ശതമാനം). കോഴിക്കോട് (92), കണ്ണൂർ (94) ജില്ലകളിലും വേണ്ടത്ര മുന്നേറ്റമുണ്ടാക്കാനായില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം (98), തൃശ്ശൂർ (97), പാലക്കാട്, വയനാട്, കാസർകോട് (96) ജില്ലകൾ ഭേദപ്പെട്ടനിലയിലാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളാണ് (99 ശതമാനം) പ്രതിരോധ കുത്തിവെപ്പിൽ മുന്നിൽ. ഈ ജില്ലകളിൽ 100 ശതമാനമെത്തിക്കാനാകുമെന്നാണു പ്രതീക്ഷ.
പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികളിൽ അടുത്തകാലത്ത് അഞ്ചാംപനി (മീസിൽസ്), തൊണ്ടമുള്ള് (ഡിഫ്തീരിയ) എന്നിവ റിപ്പോർട്ടു ചെയ്തിരുന്നു. ഇവ പ്രതിരോധിക്കാനുള്ള വാക്സിൻ ആരോഗ്യവകുപ്പ് സൗജന്യമായി നൽകുന്നുണ്ട്. അഞ്ചാംപനി പ്രതിരോധിക്കാൻ എം.ആർ. വാക്സിനും ഡിഫ്തീരിയയ്ക്ക് പെന്റാവാലന്റ് വാക്സിനുമാണു നൽകുന്നത്. എന്നാൽ, മൂന്നുമുതൽ അഞ്ചുവരെ ശതമാനം പേർ ഇപ്പോഴും വിട്ടുനിൽക്കുകയാണ്. പോളിയോ വാക്സിനിലും 100 ശതമാനം നേട്ടം കൈവരിക്കാനായിട്ടില്ല.
തെറ്റായ പ്രചാരണം ഏറെ
വാക്സിനെടുത്താൽ വന്ധ്യത, ഓട്ടിസം എന്നിവ വരുമെന്നാണ് സാമൂഹികമാധ്യമങ്ങളിൽ അടക്കമുള്ള തെറ്റായ പ്രചാരണം. അശാസ്ത്രീയ പ്രചാരണം വിദ്യാഭ്യാസമുള്ള മാതാപിതാക്കൾപോലും വിശ്വസിക്കുന്നു. കുട്ടികൾക്കു പനിവന്നു തനിയെ മാറിയാൽ സ്വാഭാവിക പ്രതിരോധശേഷി കൂടുമെന്നതിനാൽ വാക്സിൻ ആവശ്യമില്ലെന്നാണു മറ്റൊരുപ്രചാരണം.
മതപരമായി സ്വീകാര്യമല്ലാത്ത ചില ഘടകങ്ങൾ വാക്സിനിലുണ്ടെന്ന അസത്യപ്രചാരണവും ഇത്തരക്കാരെ സ്വാധീനിക്കുന്നു. മരുന്നു കമ്പനികളെ സഹായിക്കാൻ കുട്ടികളെ പരീക്ഷിക്കുന്നുവെന്ന പ്രചാരണവും ചിലർ നടത്തുന്നു. ഇതെല്ലാം തരണംചെയ്ത് മാതാപിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരോഗ്യപ്രവർത്തകർക്കു കഴിഞ്ഞാലേ 100 ശതമാനത്തിലെത്താനാകൂ.








