ചങ്ങരംകുളം:പഠനയാത്രയുടെ ഭാഗമായി ചങ്ങരംകുളം എസ്. എം. ഇംഗ്ലീഷ് സ്കൂലെ കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. കുട്ടികൾക്ക് പോലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും നിയമപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാഥമിക അറിവ് പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികളെ എസ്. ഐ. രാധാകൃഷ്ണൻ, എ. എസ്. ഐ. ഹരിനാരായണൻ, എസ്. സി. പി. ഒ. ബിജു, സി. പി. ഒ. രാഖി, രജനി എന്നിവർ വളരെ സന്തോഷപൂർവ്വം സ്വീകരിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പോലീസിന്റെ വിവിധ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പോലീസിന്റെ സേവനങ്ങളെ അടുത്തറിയാൻ അവസരമൊരുക്കുകയും ചെയ്തു.പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവും പ്രായോഗിക അനുഭവങ്ങളും പകർന്നുനൽകിയ സന്ദർശനം കുരുന്നുകൾക്ക് കൗതുകവും സന്തോഷവും നിറഞ്ഞ അനുഭവമായി.വിദ്യാർത്ഥികളുടെ സാമൂഹിക അവബോധവും പൊതുസേവനങ്ങളെക്കുറിച്ചുള്ള അറിവും വളർത്തുന്നതിൽ പഠനയാത്ര ഏറെ പ്രയോജനകരമായി.






