ചങ്ങരംകുളം: ലോക തപാൽ ദിനാഘോഷത്തിന്റെ ഭാഗമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.ആധുനിക വാർത്താവിനിമയ സംവിധാനങ്ങൾക്കിടയിലും തപാൽ മേഖലയുടെ പ്രാധാന്യവും പ്രവർത്തനരീതികളും അടുത്തറിയുന്നതിനാണ് സന്ദർശനം സംഘടിപ്പിച്ചത്.കുട്ടികൾ സ്വന്തം കൈപ്പടയിൽ പോസ്റ്റ് കാർഡുകളിൽ കത്തുകളെഴുതി തപാൽ പെട്ടിയിൽ നിക്ഷേപിക്കുന്നതിനും സാക്ഷ്യം വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശാരി എ., നല്ലപാഠം കോ-ഓർഡിനേറ്റർ എബിൻ തങ്കച്ചൻ , അധ്യാപകരായ രഞ്ജിമ രാജൻ, സബീന ടി. എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങൾ, കത്തുകളുടെ വിതരണ രീതി,സ്പീഡ് പോസ്റ്റ്, സമ്പാദ്യ പദ്ധതികൾ എന്നിവയെക്കുറിച്ച് പോസ്റ്റ് ഓഫീസ് ജീവനക്കാരായ സൗമ്യ (SPM), രമ്യ കെ. (PA), അനില (ABPM),കൃഷ്ണൻകുട്ടി (GDS) എന്നിവർ കുട്ടികൾക്ക് വിശദീകരിച്ചു നൽകുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. നേരിട്ടുള്ള ഈ അനുഭവം വിദ്യാർത്ഥികൾക്ക് പുത്തൻ അറിവും കത്തെഴുത്തിന്റെ ഗൃഹാതുരത്വവും പകർന്നു നൽകി.







