എടപ്പാള്‍:സമ്പൂർണ്ണ ശുചിത്വം, മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം എന്നീ ലക്ഷ്യത്തോടെ സീറോ വേസ്റ്റ് മാതൃക വട്ടംകുളം ക്യാമ്പയിന് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടക്കം. സംസ്ഥാന സർക്കാരിൻ്റെ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം എം.എൽ.എ അഡ്വ. വി.എസ് ജോയ് നിർവഹിച്ചു.ക്യാമ്പയിനിലൂടെ ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ അന്നേ ദിവസം തന്നെ തരം തിരിച്ച് എം.സി.എഫുകളിൽ കെട്ടിക്കിടക്കാതെ സീറോ വേസ്റ്റ് മാതൃകയിലേക്ക് മാറ്റും. സീറോ വേസ്റ്റ് പഞ്ചായത്താക്കി മാറ്റുന്നതിലൂടെ വട്ടംകുളം സംസ്ഥാനത്തിന് മാതൃകയാകും.
എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് വട്ടക്കുളം ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ 40 അഗങ്ങളാണ് ഹരിത കർമ്മ സേനയിൽ പ്രവർത്തിക്കുന്നത്. ഇത് 100 അംഗങ്ങളായി ഉയർത്തുകയും സ്ക്രാപ് പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ഇനോക്കുലം നിർമ്മാണ യൂണിറ്റ് നിർമ്മാണം എന്നിവ ആരംഭിക്കുകയും ചെയ്യും. ഇതോടൊപ്പം ഹരിത കർമ്മ സേനയ്ക്ക് നൽകുന്ന രണ്ടാമത്തെ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും നടന്നു.സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായാണ് ക്യാമ്പയിന്റെ ഏകോപനം നടത്തുന്നത്. ക്യാമ്പയിനിൻ്റെ ഭാഗമായി ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിശീലനവും ജനകീയ ശുചിത്വ സന്ദേശ വിളംബര റാലിയും നടന്നു.വട്ടക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ അധ്യക്ഷയായി.ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി എം.ജി സുരേഷ് എക്കോ വേൾഡ് ചെയർമാൻ ഇബ്രാഹിം സാഹിബ് എന്നിവരെ ആദരിച്ചു. ഹരിത കർമ്മ സേന വിവര ശേഖരണ ഫോം പ്രകാശനം മലപ്പുറം ജില്ല പ്രസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് മുജീബ് പൂളക്കൽ നിർവഹിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ മജീദ് കഴുങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് പദ്ധതി വിശദീകരിച്ചു.പെന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആർ. ഗായത്രി,വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എ നജീബ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ആസിയ പരക്കുഴിയിൽ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വി സുമതി, എ.എസ് സുബിത,ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.പി ഹൈദരലി,മെമ്പർമാരായ ഷമീന ഷഫീക്,വിപിഎം മുസ്തഫ,ചന്ദ്രബോസ്, സുനിൽകുമാർ, ജിതേഷ് സി.ഡി.എസ് പ്രസിഡൻ്റ് ബിന്ദു,പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.എൻ.എസ് എസ്, സ്കൗട്ട് ആൻ്റ് ഗൈഡ്സ്,ഐ.എച്ച്. ആർ.ഡി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.







