ബെംഗളൂരു∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെ ബെംഗളൂരുവിൽ സമാന്തര പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാർട്ടി. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വോട്ടർപട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി രണ്ടായിരത്തോളം പേരാണ് പാർക്കിലേക്ക് ഒഴുകിയെത്തിയത്. സിജെപിക്ക് പിന്തുണയുമായി സാംസ്കാരിക– സാമൂഹിക മേഖലകളിൽനിന്നും നിരവധിപ്പേരെത്തി
കേന്ദ്ര സർക്കാരിന്റെ നിശിത വിമർശകനായ യുട്യൂബർ ധ്രുവ് റാഠി, നടനും ആക്ടിവിസ്റ്റും രാഷ്ട്രീയ നേതാവുമായ പ്രകാശ് രാജ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ധ്രുവ് റാഠി ഇതാദ്യമായാണ് ഒരു പൊതുപ്രതിഷേധത്തിന്റെ ഭാഗമാകുന്നത്. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് സിജെപി ജന്തർ മന്തറിൽ നടത്തിയ ആദ്യ സമരത്തിനു പിന്തുണയുമായും പ്രകാശ് രാജ് എത്തിയിരുന്നു
ഗ്യാനേഷ് കുമാർ വഞ്ചകനാണെന്നും എസ്ഐആറിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്ന് യാതൊരു സുതാര്യതയും ഉത്തരവാദിത്തവും ഇല്ലെന്നും ധ്രുവ് റാഠി ആരോപിച്ചു. താനിവിടെ വന്നിരിക്കുന്നത് ഭരണമാറ്റത്തിനു വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന് പ്രകാശ് രാജ് ആരോപിച്ചു. എസ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഈ നടപടി വെറും വോട്ടുകൾ വെട്ടിമാറ്റൽ മാത്രമല്ല, മറിച്ച് പൗരന്മാരുടെ അന്തസ്സിനും അവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചു.







