കൊല്‍ക്കത്ത: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വേയെ നേരിടും. കൊല്‍ക്കത്തയില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ലോകകപ്പ് കളിച്ചെത്തിയ പനാമയ്‌ക്കെതിരെ ഓരോഗോള്‍ സമനില. അഞ്ചുതവണ ലോക ചാമ്പ്യന്‍മാരായ ബ്രസീലിനോട് നാലുഗോള്‍ തോല്‍വി. ആരാധകര്‍ പ്രതീക്ഷിച്ചതിലും മികച്ച കളി പുറത്തെടുത്ത ടീം ഇന്ത്യ ഇന്ന് ഡീഗോ ഫോര്‍ലാന്‍ പരിശീലിപ്പിക്കുന്ന ഉറുഗ്വേയ്‌ക്കെതിരെ. ഫിഫ റാങ്കിംഗില്‍ ഉറൂഗ്വേ ഇരുപതും ഇന്ത്യ 138ഉം സ്ഥാനത്ത്. ബ്രസീലിയന്‍ താരങ്ങളെക്കാള്‍ ശാരീരികക്ഷമതയുള്ള ഉറുഗ്വേയ്‌ക്കെതിരെ ഇന്ത്യന്‍ കോച്ച് ഖാലിദ് ജമീല്‍ കാത്തുവച്ചിരിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയെന്ന് അറിയാനാണ് ആകാംക്ഷ.
കരുത്തരായ ടീമുകള്‍ക്കെതിരെ ചെറിയ പിഴവുകള്‍ക്കുപോലും കനത്ത വിലനല്‍കേണ്ടിവരുമെന്ന് ബ്രസീല്‍ നാലുദിവസം മുന്‍പ് ഇന്ത്യയെ പഠിപ്പിച്ചുകഴിഞ്ഞു. ഫെഡറിക്കോ വെല്‍വെര്‍ദേ, റൊണാള്‍ഡ് അറൗഹോ, ഡാര്‍വിന്‍ നുനിയസ് എന്നിവരുള്‍പ്പെട്ട ഉറുഗ്വേയ്‌ക്കെതിരെ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിനും മലയാളിതാരം ബിജോയ് വര്‍ഗിസും അന്‍വര്‍ അലിയും ആകാശ് മിശ്രയും ഉള്‍പ്പെട്ട പ്രതിരോധ നികരയ്ക്കും പിടിപ്പത് പണിയായിരിക്കും എന്നുറപ്പ്. മധ്യനിരതാരങ്ങള്‍ക്കും ഇന്ത്യന്‍ ഗോള്‍ പ്രതീക്ഷകള്‍ റയാന്‍ വില്യംസിന്റെ ബൂട്ടുകളില്‍.
വിംഗര്‍മാരായ ആഷിക് കുരുണിയനും മുഹമ്മദ് സനാനും മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദുമാണ് ടീമിലെ മറ്റ് മലയാളികള്‍. ഉറുഗ്വേയുടെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ഡീഗോ ഫോര്‍ലാണ് ഇന്ത്യയിലേക്കുള്ള രണ്ടാം വരവാണിത്. പത്തുവര്‍ഷം മുന്‍പ് ഐ എസ് എല്ലില്‍ മുംബൈ സിറ്റിയുടെ സ്‌ട്രൈക്കറായിരുന്നു 2010 ലോകകപ്പിലെ ടോപ് സ്‌കോററായ ഫോര്‍ലാന്‍.
ബ്രസീലിനെതിരായ മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതോടെ ഉറുഗ്വേയ്ക്കെതിരായ മത്സരത്തിന്റെ ടിക്കറ്റ് വില കുത്തനെ കുറച്ചു. 1999 രൂപയുടെ ടിക്കറ്റ് 199 രൂപ ആയാണ് കുറച്ചത്. 85000 എണ്‍പത്തയ്യായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളം ആളുകളാണ് ബ്രസീലുമായുള്ള മത്സരം കാണാന്‍ എത്തിയത്.










