തമിഴ്നാട്: നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ്സംഭവം നടന്നത്. കന്യാകുമാരി സ്വദേശി അയ്യപ്പനെ നാഗർകോവിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 45 വയസ്സ് പ്രായം തോന്നിക്കുന്ന സത്രീയാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച്ചയാണ് നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ യാർഡിനുള്ളിൽഅറ്റകുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന നാഗർകോവിൽ-കോട്ടയം ട്രെയിനിന്റെ ബോഗിക്കുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം ആണെന്നും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും സ്ഥിരീകരിച്ചതോടെ നാഗർകോവിൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.സിസിറ്റിവി പരിശോധിച്ചപ്പോൾ നവംബർ 14 ന് രാവിലെ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിൽ നിന്നും ഒരാൾ ഇറങ്ങി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെയാണ് കന്യാകുമാരി സ്വദേശിയായ അയ്യപ്പനിലേക്ക് അന്വേഷണം എത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ പീഡനത്തിന് ശേഷമുള്ള കൊലപാതകമെന്ന് കുറ്റസമ്മതം നടത്തി. ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നവംബർ 14 ന് പുലർച്ചെ അഞ്ചാം പ്ലാറ്റ്ഫോമിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ ഇയാൾ വലിച്ചിഴച്ചു കൊണ്ട് പോകുന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചു. അയ്യപ്പൻ മുൻപ് മോഷണ കേസിൽ പ്രതിയായിരുന്നു.








