പൊന്നാനി : മർച്ചൻ്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് വഞ്ചിച്ച കേസിൽ പ്രധാന പ്രതി പോലീസ് പിടിയിൽ.പെരിന്തൽമണ്ണ ഏലംകുളം കൊലോത്തൊടി സ്വദേശി മുഹമ്മദ് അബ്ദുൽ മുബീൻ (38)എന്നയാളെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.പൊന്നാനി സ്വദേശിയായ യുവാവിൻ്റെ പരാതിയിലാണ് പൊന്നാനി എസ്.ഐ എംവി ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്
പ്രതിയായ മുഹമ്മദ് അബ്ദുൽ മുബീൻ്റെ ഉടമസ്ഥതയിൽ മൈസൂരിൽ പ്രവർത്തിക്കുന്ന ഭരത് ഗ്രൂപ്പ് ഓഫ് ഇൻഡ്യ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നത്. മർച്ചൻ്റ് നേവിയിൽ ജോലി നേടുന്നതിനുള്ള കോഴ്സുകൾ പഠിപ്പിക്കാമെന്നും പ്രമുഖ ഷിപ്പിംഗ് കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ പ്ലേസ്മെൻ്റ് നൽകാമെന്നും പരസ്യം നൽകിയാണ് പ്രതി ഉദ്യോഗാർത്ഥികളെ ആകർഷിച്ചിരുന്നത്.എന്നാൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിൻ്റെ യാതൊരുവിധ നിയമപരമായ അംഗീകാരവുമില്ലാതെയാണ് പ്രതി ഈ സ്ഥാപനവും കോഴ്സുകളും നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.അംഗീകാരമില്ലാത്ത കോഴ്സ് പൂർത്തിയായ ശേഷം ട്രെയിനിംഗിൻ്റെയും പ്ലേസ്മെൻ്റിൻ്റെയും ഭാഗമാണെന്ന് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചു.തുടർന്ന് മുംബൈയിലുള്ള ‘ബ്രിഡ്ജ്‌വേ’ എന്ന കമ്പനിയുടെ സഹായത്തോടെ ഓർഡിനറി സീമാൻ ട്രെയിനിംഗിനായി ഇവരെ അയക്കുകയായിരുന്നു. ഇതിനുശേഷം വിദേശ ഷിപ്പിംഗ് കമ്പനികളിലും അൽബേനിയയിലും ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്.പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ജോലി നൽകുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാതെ വിശ്വാസവഞ്ചന കാട്ടിയതോടെയാണ് വഞ്ചിക്കപ്പെട്ട യുവാവ് പൊന്നാനി പോലീസിനെ സമീപിച്ചത്.പ്രതിക്കെതിരെ സമാനമായ രീതിയിൽ ലക്ഷങ്ങൾ തട്ടിയതായി നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ വിസ തട്ടിപ്പ് കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.അറസ്റ്റിലായ പ്രതി മുഹമ്മദ് അബ്ദുൽ മുബീനെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയെ നിലവിൽ പൊന്നാനി സബ് ജയിലിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.







