പൊന്നാനി:എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ റോവർ ആൻഡ് റേഞ്ചർ വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ വിപുലമായ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.പൊന്നാനി സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ പ്രോഗ്രാമിന്റെ ഉദ്ഘാടനവും നേതൃത്വവും നിർവ്വഹിച്ചു.റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന വിദ്യാർത്ഥികൾ യാത്രക്കാർക്ക് ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം നൽകി. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചെത്തിയ വാഹന ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾ അഭിനന്ദന നോട്ടീസും മധുരവും നൽകി ആദരിച്ചു. എന്നാൽ ഗതാഗത നിയമങ്ങൾ ലംഘിച്ചെത്തിയവർക്ക് നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്ന ബോധവൽക്കരണ ലഘുലേഖകൾ കൈമാറി.റോവർ-റേഞ്ചർ യൂണിറ്റ് ലീഡർമാരായ ത്വയ്യിബ് ശ്രീവിദ്യ, സി പി ഒ ഹരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ട്രാഫിക് പോലീസിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.







