പാറശ്ശാല: കൃഷിചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്നും പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഈവർഷം അഞ്ഞൂറ് സ്‌കൂളുകളിൽ കതിർ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. വരുന്ന സ്‌കൂൾ വർഷത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കതിർ ക്ലബ്ബിന്റെ പ്രവർത്തനമാരംഭിക്കും. സ്‌കൂളിൽ മാത്രമല്ല, വിദ്യാർഥികളുടെ വീടുകളിലും കൃഷി ആരംഭിക്കുന്നതാണ് പദ്ധതി. ഇതിനായി ഓരോ സ്‌കൂളിനും പതിനായിരം രൂപവീതം നൽകും. ഇതിന്റെ ഭാഗമായി കതിർ സഞ്ചാരവും കതിർ മാർക്കറ്റുമുണ്ടാകുമെന്നും ഉച്ചഭക്ഷണ പദ്ധതിയുമായി ഇതിനെ ബന്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ കുളത്തൂർ ഗ്രാമപ്പഞ്ചായത്തിലെ നെല്ലിക്കോണം ഏലയിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.







