കൊച്ചി: സിനിമാ താരങ്ങളടക്കമുള്ളവർ തടങ്കലിലാക്കി മർദ്ദിച്ചുവെന്ന് പരാതി നൽകിയ ഡോക്‌ടർക്കെതിരെ പീഡനക്കേസ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജോൺസൺ ജെ വർഗീസിനെതിരെയാണ് (41) ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. ഡോക്‌ടറെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ നടിയുടെ അടുത്ത ബന്ധുവാണ് പരാതി നൽകിയത്. അശ്ളീല ദൃശ്യങ്ങളടങ്ങിയ ഫോൺ പരാതിക്കാരി പൊലീസിന് കൈമാറിയതായാണ് വിവരം. ഇൻഫോപാർക്ക് പൊലീസാണ് ഡോക്‌ടർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഡോക്ടറെ തടങ്കലിലാക്കി മർദ്ദിക്കുകയും പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിലാണ് നടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായത്. നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിൻ പെരുമ്പിള്ളി, കെ.ബി. വിഷ്ണു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ഒളിവിലുള്ള ഒമ്പതു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ എസ്സെൻ സ്‌പ്രിംഗ് ഡേൽ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. പ്രമുഖ യുവനടൻ തന്റെ നിർമ്മാണക്കമ്പനിയിലെ ജീവനക്കാർക്ക് താമസിക്കാൻ എടുത്ത അപ്പാർട്ട്‌മെന്റാണിത്.അടുത്ത ബന്ധുവിന് അസുഖം മൂർച്ഛിച്ചെന്ന് നടി അറിയിച്ചതനുസരിച്ചാണ് കുരീക്കാട് സ്വദേശിയായ ഡോക്ടർ അപ്പാർട്ട്‌മെന്റിൽ എത്തിയത്. എന്നാൽ അവിടെ ബന്ധു ഉണ്ടായിരുന്നില്ല. പകരം പലഭാഗത്തായി തമ്പടിച്ചിരുന്ന പ്രതികൾ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഡോക്ടറിൽ നിന്നുണ്ടായ പീഡനശ്രമം അടുത്ത ബന്ധു നടിയോട് പറഞ്ഞിരുന്നു. തുടർന്ന് ഇവർ സുഹൃത്തുക്കളുമായി ചേർന്ന് ഡോക്ടറെ കുടുക്കാൻ പദ്ധതിയിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.








