തൃശ്ശൂർ: കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല, അറബിക്കടലിൽ എറിയുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ബി.ജെ.പി. തൃശ്ശൂരിലെ മൂന്ന് ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ജനാധിപത്യസംരക്ഷണ പദയാത്രയുടെ സമാപനച്ചടങ്ങിലെ ജനാധിപത്യസംരക്ഷണസംഗമം ഉദ്ഘാടനപ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പരിപാടിയുടെ ആദ്യം സംസാരിച്ച ബി.ജെ.പി. ദേശീയനേതാവ് എം.എ. വെങ്കിടേശന്റെ പ്രസംഗത്തെ പിൻപറ്റിയാണു സുരേഷ്ഗോപി ഇൗ അഭിപ്രായപ്രകടനം നടത്തിയത്. ബ്രിട്ടീഷുകാരുടെ വ്യാജസന്തതിയായ കോൺഗ്രസിനെ ഇറ്റലിയിലേക്കും ചൈനയുടെ വ്യാജസന്തതിയായ കമ്യൂണിസ്റ്റുകാരെ ചൈനയിലേക്കും അയയ്ക്കണമെന്നാണ് എം.എ. വെങ്കിടേശന്റെ പ്രസംഗിച്ചത്.
എഫ്.സി.ആർ.എ. ബിൽ, 33 ശതമാനം സ്ത്രീസംവരണം, മണ്ഡലപുനർനിർണയം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് എസ്.ഐ.ആർ. ഉന്നയിച്ചുള്ള പ്രക്ഷോഭം. വർഷകാലസമ്മേളനത്തിൽ എഫ്.സി.ആർ.എ. ബിൽ പാസാക്കേണ്ടതായിരുന്നു. അതിനിടെയാണ് നീറ്റിന്റെ പേരിൽ യുവാക്കളെ പ്രക്ഷോഭത്തിനിറക്കിയത് -സുരേഷ്ഗോപി പറഞ്ഞു.
വഖഫ് നിയമത്തിനെതിരേ ബി.ജെ.പി. ഇതര നിയമസഭകളെല്ലാം പ്രമേയം പാസാക്കി. മുത്തലാഖിനെതിരേയുള്ള നിയമം വന്നപ്പോഴും അവർ എതിർത്തു. ആറുവർഷത്തെ ശിക്ഷയാണ് അവരെ പ്രകോപിപ്പിച്ചത്. ഞങ്ങൾ തെറ്റുചെയ്യും, മുത്തലാഖ് തുടരും, പക്ഷേ ശിക്ഷിക്കരുത് എന്നുപറയുന്നത് എന്തുവ്യവസ്ഥയാണെന്നും സുരേഷ്ഗോപി ചോദിച്ചു. ബി.ജെ.പി. തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ. അനീഷ്കുമാർ, ബി. ഗോപാലകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ, ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.







