പൊന്നാനി:ചമ്രവട്ടം സ്നേഹപാതയും പാർക്കും കൂടുതൽ വികസിപ്പിക്കുന്നതിനും കൂട്ടായി ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.പദ്ധതികളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗമാണ് മലപ്പുറം കലക്ടറേറ്റിൽ ചേർന്നത്.ചമ്രവട്ടം സ്നേഹപാത പാർക്കിന്റെ തകർന്നു പോയ പുഴയോര ഭാഗത്തെ ഓപ്പൺ സ്റ്റേജ്,വാച്ച് ടവർ,അലങ്കാര വിളക്കുകൾ,ഇന്റർലോക്ക് നടപ്പാതകൾ എന്നിവ നവീകരിച്ച് ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകുന്ന തരത്തിൽ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. ഡി.പി.ആർ തയ്യാറാക്കുന്ന മുറക്ക് ആ ഭാഗം നവീകരിക്കുന്നതിനും രണ്ടുമാസത്തിനുള്ളിൽ ചിൽഡ്രൻസ് പാർക്കും ഫുഡ് കോർട്ടും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് അടിയന്തരമായി വർക്കുകൾ തീർത്ത് പാർക്ക് തുറന്നുകൊടുക്കാനും യോഗം തീരുമാനിച്ചു.അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ,വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തൽ,പരിസര സൗന്ദര്യവൽക്കരണം തുടങ്ങിയ കാര്യങ്ങളും യോഗം പരിഗണിച്ചു.പാർക്കിന്റെ ഭാഗത്ത് അനധികൃതമായി ഉള്ള എല്ലാ നിർമ്മാണങ്ങളും കണ്ടെത്തി നടപടിയെടുക്കാനും യോഗത്തിൽ ധാരണയായി.അതോടൊപ്പം കൂട്ടായി ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നേടുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള നടപടികളും നിർദ്ദേശങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഒരു ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശത്തോടുകൂടി പബ്ലിക് ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.പഞ്ചായത്തിന്റെയും,ഡി.ടി.പി.സിയുടെയും,പോലീസിന്റെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിലാണ് ക്യാമ്പയിൻ നടത്തുക.വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.തവനൂർ മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഈ പദ്ധതികൾ.യോഗത്തിൽ ജില്ലാ കലക്ടർ,അഡ്വ വി.എസ് ജോയ് എംഎൽഎ,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.







