ചങ്ങരംകുളം:പെരുമുക്ക് പ്രദേശത്ത് തെരുവുനായകളുടെ ശല്യം ദിനംപ്രതി രൂക്ഷമാകുന്നതായി നാട്ടുകാർ.തെരുവുനായകളുടെ കൂട്ടമായുള്ള സഞ്ചാരവും ആക്രമണഭീതിയും പ്രദേശവാസികളുടെ സ്വൈര്യജീവിതത്തിന് വലിയ ഭീഷണിയായി മാറിയെന്നാണ് നാട്ടുകാരുടെ പരാതി
രാവിലെ മദ്രസകളിലേക്ക് പോകുന്ന കൊച്ചുകുട്ടികളും സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.പുലർച്ചെ വീടുകളിൽനിന്ന് പുറത്തിറങ്ങുന്ന കുട്ടികൾ തെരുവുനായകളെ ഭയന്ന് യാത്ര ചെയ്യേണ്ട അവസ്ഥയാണ്.രക്ഷിതാക്കളും വലിയ ആശങ്കയിലാണ്.പെരുമുക്കിന്റെ പടിഞ്ഞാറുമുക്കിൽ രാത്രി കാലങ്ങളിൽ ജനങ്ങൾക്ക് പുറത്ത് ഇറങ്ങാൻ കഴിയാത്ത രീതിയിൽ തെരുവ് നായകൾ ശല്യമായി മാറിയിട്ടുണ്ടെന്ന് നാട്ടുകാര് പറയുന്നു.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയായി മാറിയ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്നും തെരുവുനായ ശല്യം നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും പെരുമുക്ക് നിവാസികൾ ആവശ്യപ്പെടുന്നു.







