ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിൽ നടപ്പിലായി വരുന്ന ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരണവും,പട്ടയ വിതരണവും സംബന്ധിച്ചുള്ള അവലോകനയോഗംപൊന്നാനി എംഎൽഎ പി നന്ദകുമാറിന്റെ അധ്യക്ഷതയിൽ ആലങ്കോട് ഗ്രാമപഞ്ചായത്തിൽ വച്ച് ചേർന്നു. ലൈഫ് ലിസ്റ്റിൽ ഉൾപ്പെടുകയും എന്നാൽ ഡാറ്റ ബാങ്കിൽ ഉൾപ്പെടുകയും ചെയ്ത ഗുണഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഊർജ്ജിതമായി ഇടപെടുവാൻ യോഗം തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട പ്രത്യേക റിപ്പോർട്ട് അതാത് പഞ്ചായത്ത് സെക്രട്ടറിമാർ തയ്യാറാക്കുവാനും അത് ജില്ലാ കളക്ടർ വഴി അടിയന്തരമായി സർക്കാരിലേക്ക് സമർപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി.നിലവിൽ പഞ്ചായത്തുകളിൽ സാങ്കേതിക തടസ്സങ്ങൾ കുടുങ്ങി കിടക്കുന്ന ലൈഫ് അപേക്ഷകളിൽ അടിയന്തരമായി തീർപ്പു കൽപ്പിക്കുവാൻ വേണ്ട ഇടപെടലുകൾ ചെയ്യാനും വില്ലേജുകളിലെ പട്ടയം ലഭിക്കാത്ത കോളനികൾക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ട നടപടികൾ ഊർജ്ജിതമാക്കുന്ന പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനും യോഗം തീരുമാനിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സിന്ധു,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ വി ഷഹീർ,നന്നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസ്രിയ സൈഫുദ്ദീൻ,വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടയിൽ ഷംസു, പൊന്നാനി ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്, വിവിധ വില്ലേജ് ഓഫീസർമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.







