പൊന്നാനി;നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരായ മലയാളികളും ഉള്‍പെട്ടതായി സ്ഥിരീകരണം.പൊന്നാനി സ്വദേശികളായ ശ്രീധരന്‍ അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്.പൊന്നാനി ഈശ്വര്‍ നിവാസില്‍ ശ്രീധരന്‍ അയ്യര്‍,ലക്ഷ്മി,ഋഷബ്,രുദ്ര എന്നിവരെയാണ് കാണാതായത്.പൊന്നാനി തൃക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇവരുടെ വീട്. പല കോണുകളില്‍ നിന്ന് ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി പൊന്നാനിയിലെ ബന്ധുക്കള്‍ പറഞ്ഞു.പ്രളയമുണ്ടായ റസുവ എന്ന സ്ഥലത്തുവച്ചാണ് നാലംഗ കുടുംബം അവസാനമായി ബന്ധപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ പൊന്നാനിയിലെ കുടുംബം നേപ്പാളിലേക്ക് തിരിച്ചിട്ടുണ്ട്.കുടുംബം സുരക്ഷിതമായ സ്ഥലത്തുണ്ടെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.
നേപ്പാളിൽ പ്രളയത്തിൽ കാണാതായ പൊന്നാനിയിലെ മലയാളി കുടുംബത്തെപ്പറ്റി അന്വേഷണം നടത്തി അവരെ കണ്ടെത്താൻ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന് ഇ-മെയിൽ സന്ദേശമയച്ചതായും കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയും നടത്തുമെന്നും ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി അറിയിച്ചു.അതേസമയം നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നത് ആശങ്കയാകുന്നുണ്ട്. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഉള്‍പ്പെടെ 290 ഇന്ത്യാക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഇവരെ ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.







