സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ കൂടുതൽ ഇടിയുന്നു. രാജ്യാന്തരവില ഔൺസിന് 27 ഡോളർ താഴ്ന്ന് 4583 ഡോളറിൽ എത്തി. കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 75 രൂപ കുറഞ്ഞ് വില 14,650 രൂപയായി. പവന് 600 രൂപ കുറഞ്ഞ് 1,17,200 രൂപ. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 3040 രൂപയും ഗ്രാമിന് 380 രൂപയും കുറഞ്ഞു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ കെവിൻ വാർഷ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ഓടെ നടത്തുന്ന ജാക്സൺ ഹോൾ സിംപോസിയം വാർഷിക പ്രഭാഷണം സംബന്ധിച്ച ആശങ്കയാണ് സ്വർണവിലയെ വീഴ്ത്തുന്നത്.യുഎസിൽ കഴിഞ്ഞമാസം പണപ്പെരുപ്പം വർധിച്ചതിനാലും ക്രൂഡോയിൽ വില ഉയർന്നുനിൽക്കുന്നതിനാലും ഫെഡറൽ റിസർവിന്റെ അടുത്ത പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.







