കൃഷിയിടത്തിൽ പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു. മുള്ളത്ത് വീട്ടിൽ രവി (30) ആണ് മരിച്ചത്. പട്ടാമ്പി കൊപ്പം തത്തനംപുള്ളിയിലാണ് അപകടം. ഇന്ന് രാവിലെയാണ് പാടത്ത് രവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രവി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തു. തുടർന്ന് മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പന്നിയെ പിടികൂടുന്നതിനായി സ്ഥാപിച്ച വൈദ്യുതി കെണിയിൽപ്പെട്ട് രവിക്ക് ഷോക്കേൽക്കുകയായിരുന്നു.
രാവിലെ ആറു മണിയോടെ കൃഷിയിടത്തിന്റെ ഉടമ തത്തനംപുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് മനോജ് കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃഷി ഉടമയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു. മറ്റേതെങ്കിലും വകുപ്പുകൾ കൂടി ചുമത്തണമോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി.







