മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകൾ കടലെടുത്തു. വെളിയംകോട് , ഹിളർപ്പള്ളി , പാലപ്പെട്ടി എന്നിവിടങ്ങളിലെ വീടുകൾ ആണ് കടലെടുത്തത്. രണ്ട് ദിവസമായി പെയ്ത മഴയിലാണ് വീടുകളിൽ വെള്ളം കയറിയത്. ഒരു വീട്ടിൽ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു. നേരത്തെ കടൽക്ഷോഭം ഉള്ളതിനാൽ ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു
കനത്ത മഴയെ തുടർന്ന് നിരവധി ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാൽ മത്സ്യബന്ധന വിലക്കും തുടരുകയാണ്. തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്







