ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്‌കാനിംഗ് സെന്ററുകൾക്കെതിരെ നടപടി. രണ്ട് സെന്ററുകളും ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗ് റെക്കാഡുകൾ രണ്ട് വർഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ റെക്കാഡുകൾ ഒന്നും തന്നെ സ്ഥാപനങ്ങൾ സൂക്ഷിച്ചിട്ടില്ലാത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധസംഘം നടത്തിയ പരിശോധനയിലാണ് റെക്കാഡുകൾ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. സംഭവത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടർ നടപടികളും ഉണ്ടാകും.
ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്കാനിംഗ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്കാനിംഗ് റിപ്പോർട്ടുകളും മറ്റ് മെഡിക്കൽ രേഖകളും ഹാജരാക്കാൻ കുട്ടിയുടെ പിതാവിന് നിർദേശം നൽകുകയും ചെയ്തു.
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ് – സുറുമി ദമ്പതികളുടെ കുഞ്ഞാണ് വൈകല്യത്തോടെ ജനിച്ചത്. ഈ മാസം എട്ടിനാണ് സുറുമി പ്രസവിച്ചത്. ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിംഗിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് അനീഷ് പറഞ്ഞു. സ്‌കാനിംഗ് റിപ്പോർട്ടിൽ ഒരു പ്രശ്‌നവുമില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ചെവിയും കണ്ണുമുള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കൈയ്ക്കും കാലിനും വളവുണ്ട് എന്നാണ് കുടുംബം പരാതിയിൽ പറയുന്നത്.