അങ്കമാലി കറുകുറ്റിയിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. 110 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്.ട്രെയിൻ മാർഗം അങ്കമാലി റെയിൽവെ സ്റ്റേഷനിൽ എത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലായത്.അങ്കമാലി എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം കൊടുവള്ളിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നുപേരാണ് പിടിയിലായത്.കൊടുവള്ളി മാനിപുരം ചന്ദനംപുറം ജിസാർ (40), മാനിപുരം പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ മുഹമ്മദ് ജയ്സൽ (34), താമരശ്ശേരി കോരങ്ങാട് കമ്പിൻ്റെ അകായിൽ കെ എ ശ്രീനു (27) എന്നിവരാണ് 36 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്
കൊടുവള്ളിക്ക് സമീപം വാവാട് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി ഇവർ പിടിയിലായത്. കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി കാറിൽ സഞ്ചരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘമാണിവർ.







