കുറ്റിപ്പുറം: സ്‌കൂട്ടർ യാത്രയ്ക്കിടെ കടന്നൽക്കൂട് ഇളകി ദേഹത്തേക്കു വീണതിനെത്തുടർന്ന് യാത്രക്കാരന് പരിക്ക്.വളാഞ്ചേരി കിഴക്കേക്കര വടക്കത്ത് വീട്ടിൽ അനിലി(35)നാണ് പരിക്കേറ്റത്.അനിലിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാണ്ടികശാലയിൽ ബുധനാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവം.കെട്ടിടനിർമാണ കരാറുകാരനായ അനിൽ ജോലിസ്ഥലത്തുനിന്ന് മടങ്ങുന്നതിനിടയിലാണ് പാണ്ടികശാല താഴെ അങ്ങാടിയിൽ റോഡരികിലെ മരത്തിൽനിന്ന് കടന്നൽക്കൂട് ഇളകി ദേഹത്തേക്കു വീണത്. കടന്നലുകൾ കൂട്ടമായി ആക്രമിക്കാൻ തുടങ്ങിയതോടെ ഇയാൾ വാഹനം ഉപേക്ഷിച്ച് സമീപത്തെ വീട്ടിലെ ശൗചാലയത്തിൽ അഭയംതേടി. വീട്ടുകാരാണ് ശരീരമാസകലം കടന്നൽകുത്തേറ്റ അനിലിനെ ആശുപത്രിയിലെത്തിച്ചത്.