തൃത്താല: തൃത്താല-കൂറ്റനാട് റോഡിലെ മെഴത്തൂർ ആട് വളവ് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നാഗലശ്ശേരി തെക്കെ വാവന്നൂർ സ്വദേശിയായ കുന്നുംപാറ വളപ്പിൽ ഷംസുദ്ദീൻ മകൻ സിറാജുദീൻ (28) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്. തൃത്താല ഭാഗത്ത് നിന്ന് കൂറ്റനാട് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിറാജുദീനെ എതിർദിശയിൽ അതിവേഗത്തിൽ വന്ന ടൊയോട്ട ഫോർച്യൂണർ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം പട്ടാമ്പി താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായിരുന്നു. ചികിത്സ തുടരുന്നതിനിടെ രാത്രി 8 മണിയോടെ സിറാജുദീൻ മരണപ്പെട്ടു. സംഭവത്തിൽ തൃത്താല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.










