ചങ്ങരംകുളം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14-ന് ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളവും ഓർക്കിഡ് ആശുപത്രിയും സംയുക്തമായി പ്രമേഹരോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വാക്കത്തോൺ സംഘടിപ്പിച്ചു. ചങ്ങരംകുളം ഹൈവേയിലെ ടാക്സി സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച വാക്കത്തോൺ ഓർക്കിഡ് ആശുപത്രിയിൽ സമാപിച്ചു.തുടർന്ന് ഓർക്കിഡ് ആശുപത്രിയിൽ നടന്ന പരിപാടിയിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ. ചന്ദ്രാനന്ദൻ പ്രമേഹരോഗ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്തിനി രവീന്ദ്രൻ ആശംസകൾ നേർന്നു.ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ദിലീപ്, പ്രസാദ്, ഉമ്മർ കുളങ്ങര, ക്ലബ് സെക്രട്ടറി ജനാർദ്ദനൻ പട്ടേരി എന്നിവർ ആശംസകൾ അർപ്പിച്ചു.പരിപാടിയുടെ ഭാഗമായി ഓർക്കിഡ് ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ രോഗനിർണയ ക്യാമ്പുകളും സംഘടിപ്പിച്ചു.ജനപങ്കാളിത്തവും ആവേശകരമായ സഹകരണവും കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. പ്രമേഹരഹിത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് ആരോഗ്യബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സംഘാടകർ അറിയിച്ചു.










