ചങ്ങരംകുളം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായാണ് ക്യാമ്പുകൾ ഒരുക്കിയത്.
ചങ്ങരംകുളം പോലീസ് സ്റ്റേഷനിലും ചങ്ങരംകുളം ടൗണിലുമായി നടന്ന ക്യാമ്പുകളിൽ പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നവരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് സൗജന്യ ഷുഗർ ടെസ്റ്റിംഗ്, രക്തസമ്മർദ്ദ പരിശോധന, മറ്റ് പ്രാഥമിക ആരോഗ്യ പരിശോധനകൾ എന്നിവ ക്യാമ്പിലൂടെ ലഭ്യമാക്കി.
ആരോഗ്യകരമായ ജീവിതശൈലിയും കൃത്യമായ ആരോഗ്യപരിശോധനകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ജനകീയ ആരോഗ്യദൗത്യം സംഘടിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.










