തിരുനാവായ:ദക്ഷിണേന്ത്യയിലെ കുംഭമേളയെന്നു വിശേഷിപ്പിക്കപ്പെട്ട തിരുനാവായ മഹാമാഘ മഹോത്സവം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കേ സന്നാഹങ്ങൾക്കു തിരിച്ചടി. ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയിൽ മണൽ നീക്കി താത്കാലികമായി പാലം നിർമിക്കുന്നത് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞു. പുഴ കൈയേറി പാലം നിർമിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌മെമ്മോ നൽകിയത്.19-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് കുംഭമേള ഉദ്ഘാടനംചെയ്യുന്നത്.
ഭാരതപ്പുഴയിൽ മണൽ നീക്കി താത്കാലിക പാലം നിർമാണം ഒരാഴ്ചയോളമായി നടക്കുന്നുണ്ട്. പുഴയുടെ മധ്യഭാഗത്തുള്ള മണൽപ്പരപ്പിലേക്കു പോകാനാണ് താത്കാലിക പാലം. ഈ മണൽപ്പരപ്പിലാണ് കുംഭമേളയുടെ പൂജകളും മറ്റും നടക്കുക. മൂന്നുദിവസം മുൻപാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ചൊവ്വാഴ്ച വീണ്ടും നിർമാണം തുടങ്ങിയപ്പോൾ റവന്യൂ അധികൃതരും പോലീസും എത്തി നിർമാണം നിർത്തിവെക്കണമെന്ന് നിർദേശിക്കുകയായിരുന്നു.
പാലം നിർമാണത്തിന് അനുമതിതേടി മാഘമക ഉത്സവ സംഘാടകസമിതി നവംബർ 14-ന് കളക്ടർക്ക് അപേക്ഷ നൽകിയിരുന്നതായി സംഘാടകർ പറഞ്ഞു. മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ താത്കാലിക പാലം നിർമാണം ആരംഭിച്ചത്. സർവോദയമേളയുടെ ഭാഗമായി മുൻപ് എല്ലാവർഷവും സമാനമായരീതിയിൽ താത്കാലിക പാലം നിർമാണം നടക്കാറുള്ളതാണെന്നും ഇപ്പോഴത്തെ നടപടിക്കുപിന്നിലെന്താണെന്ന് അറിയില്ലെന്നും സംഘാടകർ പറഞ്ഞു. സംഘാടകസമിതി കൺവീനർ വിനയകുമാറിനാണ് വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌മെമ്മോ നൽകിയിട്ടുള്ളത്. എന്നാൽ, കുംഭമേള നടത്താൻതന്നെയാണ് തീരുമാനമെന്ന് മുഖ്യസംഘാടകനായ സ്വാമി ആനന്ദവനം ഭാരതി തൃശ്ശൂരിൽ പറഞ്ഞു
തിരുനാവായയിൽ നടക്കുന്ന കുംഭമേളയായ മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ റവന്യു വകുപ്പ് തടഞ്ഞിരിക്കുകയാണെന്നും ആരു തടഞ്ഞാലും നടത്തുമെന്നും മുഖ്യ സംഘാടകനായ ജൂന അഖാഢയുടെ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.
ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് ഒരുക്കം തടഞ്ഞത്. ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെയാണ് ആഘോഷം.
കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് നേരത്തേതന്നെ അപേക്ഷ നൽകി അനുമതി ചോദിച്ചിരുന്നു. കളക്ടർ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റുമാർ എന്നിവർ രക്ഷാധികാരികളായിരുന്നു. ജൂന അഖാഡയുടെയും മാതാ അമൃതാനന്ദമയി മഠത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകൾക്കുമുൻപ് തിരുനാവായയിൽ നടന്നിരുന്ന മാഘമഖ മഹോത്സവം തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്.







