ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ജപ്പാനെ തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജപ്പാനെ ഇന്ത്യൻ വനിതകൾ തകർത്തത്.ആദ്യ പകുതി ഗോൾ രഹിതമായി കടന്നുപോയതിനു ശേഷം 48-ാം മിനിറ്റിൽ നവനീത് കൗറിലൂടെയായിരുന്നു ഇന്ത്യ ആദ്യം സ്കോർ ചെയ്തത്. പെനാൽറ്റി സ്ട്രോക്ക് ഗോളാക്കി മാറ്റിയാണ് താരം ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്.സമനിലപിടിക്കാൻ ജപ്പാൻ ശക്തമായി ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി എല്ലാം വിഫലമാകുകയായിരുന്നു. ലാൽ ലാൽറംസിയാമി 56-ാം മിനിറ്റിൽ ഇന്ത്യക്കായി രണ്ടാം ഗോൾ നേടിയതോടെ ഇന്ത്യ ആധികാരികമായി ഫൈനലിലേക്ക് മുന്നേറി.മറ്റൊരു സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മലേഷ്യയെ തകർത്ത് എത്തുന്ന കരുത്തരായ ചൈനയാണ് ഫൈനലിൽഇന്ത്യയുടെ എതിരാളി. മൂന്നാം സ്ഥാനത്തിനായി ജപ്പാനും മലേഷ്യയും തമ്മിൽ മത്സരം നടക്കും.