കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പാനിഷ് താരം ജുവാന്‍ റോഡ്രിഗസ് മാര്‍ട്ടിനെസ് ക്ലബ്ബ് വിട്ടു. പരസ്പര ധാരണയോടെ താരം ക്ലബ്ബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. സ്പാനിഷ് സെന്റര്‍ ബാക്ക് താരമായ ജുവാന്‍ സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ മാര്‍ബെല്ല എഫ്‌സിയിലേക്ക് ചേക്കേറുകയാണെന്നും ബ്ലാസ്റ്റേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.2025 ഒക്ടോബറിൽ ഒരു വർഷത്തെ കരാറിലാണ് ജുവാൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രശ്നങ്ങളെ തുടർന്നാണ് ക്ലബ് വിടേണ്ടി വരുന്നത്. ഐഎസ്എൽ 2025-26 സീസൺ ആരംഭിക്കാൻ നേരിടുന്ന കാലതാമസമാണ് പല വിദേശ താരങ്ങളെയും ടീം വിടാൻ പ്രേരിപ്പിക്കുന്നത്.നേരത്തെ നോഹ സദോയി, അഡ‍്രിയാൻ ലൂണ, തിയാഗോ എന്നിവരെല്ലാം തന്നെ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. സ്പാനിഷ് ലീഗുകളിൽ ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള റോഡ്രിഗസിന്റെ പടിയിറക്കം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയ്ക്ക് വലിയ ക്ഷീണമാകും. ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കുന്ന ഐഎസ്എൽ സീസണിന് മുന്നോടിയായി പുതിയ താരങ്ങളെ കണ്ടെത്തുക എന്നത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് കടുത്ത വെല്ലുവിളിയാകും.











