ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം പേരുകളാണ് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യേണ്ടതായി കണ്ടെത്തിയിരിക്കുന്നത്. കരട് പട്ടികയിൽ 5.43 കോടി വോട്ടർമാരാണ് തമിഴ്‌നാട്ടിലുള്ളത്. നേരത്തെ 6.41 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. മരിച്ചവർ, ഇരട്ട വോട്ടുകൾ, കണ്ടെത്തനാകാത്തവർ തുടങ്ങിയവരെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നത്.കരട് പട്ടികയിൽ ആകെയുള്ള 5.43 വോട്ടർമാരിൽ 2.77 കോടി പുരുഷന്മാരും 2.66 കോടി സ്ത്രീകളുമാണ് ഉള്ളത്. നീക്കം ചെയ്തവരിൽ 26.94 ലക്ഷം പേർ മരിച്ചവരാണെന്ന് തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്‌നായിക് പറഞ്ഞു.ഇരട്ട വോട്ടുള്ളവരായി കണ്ടെത്തി നീക്കം ചെയ്തത് 3.4 ലക്ഷം പേരുകളാണ്. 66.44 ലക്ഷം പേരുകൾ പരിശോധനയിൽ രജിസ്റ്റർ ചെയ്ത വിലാസത്തിൽ കണ്ടെത്താൻ സാധിക്കാത്തവരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ചെന്നൈയിൽ മാത്രം 14 ലക്ഷം പേരുകൾ കരട് പട്ടികയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.











