നടിയെ ആക്രമിച്ച കേസിൽ സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതക്ക് ആവശ്യമായ പിന്തുണ തുടർന്നും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് എതിരായ ദിലീപിന്റെ പ്രതികരണം സ്വയം ന്യായീകരിക്കാനെന്ന് പറഞ്ഞ അദ്ദേഹം പൊലീസ് നിലപാട് സ്വീകരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലെന്നും വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ചയില്ലെന്നും അപ്പീൽ പോകുന്നതിൽ തീരുമാനം വിധി പരിശോധിച്ച ശേഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രോസിക്യൂഷൻ കേസ് നല്ല രീതിയിൽ കൈകാര്യം ചെയ്തു എന്നതാണ് പൊതുവിൽ ഉണ്ടായ ധാരണ. എല്ലാ ഘട്ടത്തിലും ആ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ഘട്ടത്തിലും പൊതു സമൂഹങ്ങളും നിയമവൃത്തങ്ങളുമെല്ലാം നല്ല അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഒരു സർക്കാർ എന്ന നിലയ്ക്ക് ഇതുപോലുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ തയാറാകുന്നു എന്ന സന്ദേശം തന്നെയാണ് പൊതുവിലുള്ള ധാരണ -അദ്ദേഹം പറഞ്ഞു.എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സ്വീകരിച്ചത്. അതുതന്നെയാണ് ഇനിയും തുടരുകയെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് കൺവീനറുടേത് യുഡിഎഫ് രാഷ്ട്രീയം വച്ചിട്ടുള്ള നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ പൊതുസമൂഹമൊന്നും അത്തരമൊരു വിലയിരുത്തലിലാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസമൂഹം ഈ കാര്യങ്ങളിൽ എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഗവൺമെന്റും ഈ നിലയാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ സംസ്ഥാനത്ത് വളരെ വിചിത്രമായ വാദഗതി യുഡിഎഫ് കൺവീനർ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. വേറെ പണിയില്ലാത്തത്‌കൊണ്ടാണ് അപ്പീൽ പോകുന്നതെന്ന് അദ്ദേഹം അഡ്വാൻസായി തന്നെ പറഞ്ഞു കഴിഞ്ഞു. അത്തരം കാര്യങ്ങളിൽ നിയമപരമായ പരിശോധനകൾ നടന്ന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. എന്തുകൊണ്ടാണ് അത്ര ധൃതിപ്പെട്ട് ഇത്തരമൊരു പ്രതികരണം വന്നത് എന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല – മുഖ്യമന്ത്രി പറഞ്ഞു.











