ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തിലൂടെ വിശദീകരിച്ചു. തിരഞ്ഞെടുപ്പുകാലത്തെ ഈ അജണ്ട യാദൃശ്ചികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് സിപിഐഎം കണ്ണൂര്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍
ധനരാജ് ഫണ്ടുശേഖരണവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്ക് അവതരിപ്പിക്കാന്‍ നാല് വര്‍ഷത്തെ കാലതാമസമുണ്ടായെന്നും വീഴ്ചയില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചുവെന്നും കെ കെ രാഗേഷ് വിശദീകരിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ 2022ല്‍ നടപടി സ്വീകരിച്ചതാണ്. ഇപ്പോള്‍ ഇത് ഉന്നയിക്കുന്നതിന്റെ അജണ്ട വ്യക്തമാണ്. വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ പാര്‍ട്ടി കമ്മീഷനെ വച്ച് അന്വേഷിച്ചെന്നും അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയെന്നും രാഗേഷ് പറഞ്ഞു. ഈ കമ്മീഷന്റെ കണ്ടത്തലിനെ കുഞ്ഞികൃഷ്ണനും അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് കുഞ്ഞികൃഷ്ണന്‍ ചെയ്തതെന്നാണ് കെ കെ രാഗേഷ് പറയുന്നത്. വിഭാഗീയ ലക്ഷ്യത്തോടെ മധുസൂദനനെ താറടിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിയ്ക്കുള്ളിലെ ചര്‍ച്ചകള്‍ കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. മധുസൂദനനെന്ന ഒരാളെ ലക്ഷ്യം വച്ച് തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുകയായിരുന്നു കുഞ്ഞികൃഷ്ണന്‍. മാധ്യമങ്ങള്‍ക്ക് ഈയിടെ വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് കുഞ്ഞികൃഷ്ണന്‍ സമ്മതിക്കുന്ന അവസ്ഥപോലുമുണ്ടായി. പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ഏറ്റുപറയുന്നത് പോലെയാണതെന്നും അതോടെ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.







