മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച് വെറും 22 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ശബരിമല സന്നിധാനത്തുനിന്നും പരിസരത്തുനിന്നുമായി 95-ഓളം പാമ്പുകളെ വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീം പിടികൂടി.
കഴിഞ്ഞ വർഷത്തെ ആകെ കണക്ക് 365 ആയിരുന്ന സ്ഥാനത്താണിത്.
പെരിയാർ കടുവാ സങ്കേതത്തിനുള്ളില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ വന്യജീവികളുടെ സാന്നിധ്യം സ്വാഭാവികമാണ്. എങ്കിലും, ഭക്തർ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആവശ്യമായ ജാഗ്രത പാലിച്ചാല്‍ മതിയെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഭക്തർക്കോ ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ കാണുന്ന പാമ്ബുകളെ പിടികൂടി സുരക്ഷിതമായി ഉള്‍വനത്തിലേക്ക് വിടുകയാണ് പതിവ്. ഈ സീസണില്‍ പിടികൂടിയ പാമ്പുകളില്‍ 15 എണ്ണം മാത്രമാണ് വിഷമുള്ള ഗണത്തില്‍പ്പെട്ടവ. ബാക്കിയുള്ളവ ചേര, ട്രിങ്കറ്റ്, പച്ചിലപ്പാമ്ബ്, വില്ലൂന്നി തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളാണ്.
കഴിഞ്ഞ മണ്ഡലകാലത്ത് ആകെ 365 പാമ്പുകളെയാണ് പിടികൂടി കാട്ടിലേക്ക് വിട്ടത്. സീസണ്‍ അല്ലാത്ത സമയങ്ങളിലും പാമ്പുകളുടെ സാന്നിധ്യം ഇവിടെയുണ്ട്; ഏകദേശം ആറുമാസം മുൻപ് സന്നിധാനത്ത് നിന്ന് നാല് രാജവെമ്ബാലകളെ പിടികൂടി മാറ്റിപ്പാർപ്പിച്ചത് സ്നേക്ക് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
സന്നിധാനം, പമ്ബ എന്നിവിടങ്ങളിലായി ആറ് പേരടങ്ങുന്ന വിദഗ്ധ സംഘമാണ് പാമ്ബുകളെ നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നത്. പാമ്ബുകള്‍ക്ക് പുറമെ, പരിക്കേറ്റ കാട്ടുപന്നികള്‍, കുരങ്ങുകള്‍, മലയണ്ണാൻ തുടങ്ങിയ ജീവികള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സംരക്ഷണവും ചികിത്സയും നല്‍കുന്നുണ്ട്. പാമ്ബുകടിയേറ്റാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ സന്നിധാനത്തും പമ്ബയിലും ലഭ്യമാണ്.
തീർത്ഥാടകർക്കുള്ള പ്രധാന നിർദ്ദേശങ്ങള്‍
പാമ്ബുകളെ കണ്ടാല്‍ അവയെ ഉപദ്രവിക്കാനോ പിടിക്കാനോ ശ്രമിക്കാതെ സുരക്ഷിതമായ അകലം പാലിക്കുകയും, ഉടൻ തന്നെ പോലീസിലോ വനംവകുപ്പ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കുകയും ചെയ്യണമെന്ന് റെസ്ക്യൂവർമാർ അഭ്യർത്ഥിച്ചു.











