തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തുക. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്
വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണത്തിനാണ് സമാപനമായിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. പലയിടത്തായി പലകേന്ദ്രങ്ങളില്‍ ആവേശത്തോടെ പ്രചാരണം കൊട്ടിക്കലാശിച്ചു.1995 മുതല്‍ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് കച്ചമുറുക്കുകയാണ്. ബിജെപിയുടെ പ്രധാന നേതാക്കള്‍ നേരിട്ട് പ്രചരണം നയിക്കുന്ന തിരുവനന്തപുരത്തും ഇക്കുറി വാശിയേറിയ മത്സരമാണ് നടക്കുക
സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും പലയിടത്തായി കലാശക്കൊട്ടിന് ഒത്തുകൂടി. പ്രചാരണത്തിന്റെ അവസാന ദിവസം കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും സ്ഥാനാര്‍ഥികള്‍ വാഹനപ്രചാരണം നടത്തി. ഗ്രാമീണമേഖലകളില്‍ കാല്‍നട പ്രകടനങ്ങള്‍ നടന്നു. അവസാനദിവസം മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ചുള്ള പ്രചാരണത്തില്‍ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് ആവേശമാണ്.
എഴു ജില്ലകളിലെ 471 ഗ്രാമപഞ്ചായത്തുകളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുക. 75 ബ്ലോക് പഞ്ചായത്തുകളിലേക്കും ഏഴ് ജില്ലാ പഞ്ചായത്തുകളിലേക്കും 39 നഗരസഭകളിലേക്കും മൂന്ന് കോര്‍പ്പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒരു കോടി മുപ്പത്തിരണ്ട് ലക്ഷത്തിലേറെ പേര്‍ ചൊവാഴ്ച പോളിങ് ബൂത്തിലേക്ക്. വ്യാഴാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്









