തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ പാർട്ടി തലത്തിൽ കർശന നടപടികൾ വേണമെന്ന് മുതിർന്ന നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ അംഗത്വം രാജിവച്ച് ഒഴിയുന്നതാണ് ഉചിതമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടി കൃത്യമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പരാതിക്ക് മുൻപ് തന്നെ പാർട്ടി നടപടി സ്വീകരിച്ചു. ഇതുവരെ കോൺഗ്രസ് പാർട്ടി മറ്റു പാർട്ടികൾക്ക് മാതൃകയായാണ് പ്രവർത്തിച്ചത്. എന്നാൽ സ്ഥിതിഗതികൾ ഇപ്പോൾ കുറച്ചു കൂടി മോശമായി. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. ഈ കാര്യത്തിൽ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തിൽ തന്നെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായും പ്രതിപക്ഷനേതാവ് വിഡി സതീശനുമായി വിഷയത്തിൽ സംസാരിച്ചെന്നും രാഹുൽ വിഷയത്തിൽ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.











