നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആത്മവിശ്വാസത്തിന് മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ ഭരണം ജനം വിലയിരുത്തുമെന്നും ജനങ്ങളാണ് ഇടതുപക്ഷത്തിന്റെ കനഗോലുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ പൊതുവായ സ്ഥിതി എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്ന ഒന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അതി വിശദമായി പരിശോധിച്ചു നോക്കിയാല്‍ പ്രത്യേകമായ അവസ്ഥയാണെന്ന് മനസിലാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാടിന്റെ അനുഭവം വെച്ചായിരിക്കും ജനങ്ങള്‍ വിധിയെഴുതുക. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ അനുഭവം ആളുകള്‍ വിലയിരുത്തുമ്പോള്‍ 10 വര്‍ഷം മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ സ്വാഭാവികമായും അവരുടെ മനസിലേക്ക് വരും. ആ താരതമ്യം വലിയ തോതില്‍ സ്വാധീനിക്കും. അത് പരിശോധിക്കുന്ന ഏതൊരാള്‍ക്കും എല്‍ഡിഎഫിന്റെ ഗ്രാഫ് വലിയ തോതില്‍ ഉയരുന്നതിന് ഇടയാക്കുമെന്ന് കാണാന്‍ സാധിക്കും – അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഏതെങ്കിലും ഒരു പോസ്റ്റില്‍ ആരെയെങ്കിലും നിയമിക്കാന്‍ കൈക്കൂലി കൊടുക്കേണ്ടതുണ്ടോ ഈ കാലത്ത്? അതായിരുന്നോ പഴയകാലം.അത് കാലത്തിന്റെ മാറ്റം കൊണ്ട് മാത്രം സംഭവിച്ചതാണോ? ആ മാറ്റത്തിന് എല്‍ഡിഎഫിന്റേതായ പങ്കുണ്ടല്ലോ. എല്‍ഡിഎഫ് സ്വീകരിച്ച് നയസമീപനത്തിന്റെ ഭാഗമായല്ലേ അത്തരമൊരു അവസ്ഥ വന്നിട്ടുള്ളത്. ഇതുപോലുള്ള നിരവധി അനുഭവങ്ങള്‍ നാടിന്റെ മുന്നിലുണ്ട്. വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം എന്നിവയിലെല്ലാം അത്ഭുതാവഹമായ മാറ്റങ്ങളല്ലേ ഉണ്ടായിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന നേതാവ് എ കെ ബാലനെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു ജമാഅത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയല്ല. മാറാട് ഓര്‍മിപ്പിക്കുകയാണ് എകെ ബാലന്‍ ചെയ്തത്. വര്‍ഗീയ ശക്തികള്‍ കേരളം വിട്ടുപോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വെനസ്വേലയിലെ യുഎസ് ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വെനസ്വേലയില്‍ സംഭവിച്ചത് നാളെ ലോകത്തെ മറ്റ് ഏതൊരു രാജ്യത്തും സംഭവിക്കാം, ഇത് ഓരോരുത്തരെയും ആശങ്കപ്പെടുത്തേണ്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.











