കോതമംഗലം∙ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി നന്ദനയെയാണ് (19) നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നന്ദനയുടെ പിതാവ് ഹരി ആരോപിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് മകൾ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഫീസ് അടയ്ക്കാനായി 31,000 രൂപ വേണമെന്നു പറഞ്ഞു. അത് അയച്ചു കൊടുത്തു. ചിലപ്പോൾ ഫീസ് കൊടുക്കാൻ കുറച്ചു താമസമുണ്ടാകാറുണ്ട്. ഇളയ മകളും പഠിക്കുകയാണ്. എന്താണ് മരണത്തിന് കാരണമായതെന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു
ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് നന്ദനയെ കണ്ടത്. അവധി ആയതിനാൽ മിക്ക കുട്ടികളും വീട്ടിലേക്ക് മടങ്ങിയിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാനായി അടുത്ത മുറിയിലെ സുഹൃത്ത് രാവിലെ എട്ടുമണിയോടെ വാതിലിൽ തട്ടിയെങ്കിലും തുറക്കാത്തതിനാൽ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. കോളജ് ക്യാംപസിന് അകത്തു തന്നെയാണ് ഹോസ്റ്റൽ. മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയിരുന്നു. പിന്നീട് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി







