നവംബറിൽ ക്ഷേമ പെൻഷനായി 3600 രൂപ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കുടിശ്ശികയടക്കമാണ് 3600 രൂപ നൽകുക എന്ന് മന്ത്രി അറിയിച്ചു. ചെയ്യാൻ ആകുന്നതേ എൽ ഡി എഫ് സർക്കാർ പറയൂ എന്നും മന്ത്രി പറഞ്ഞു. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവ് ആയി കാണണം. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ട് എന്നും മന്ത്രി പറഞ്ഞു.
ആശമാർ സർക്കാരിന്റെ പ്രഖ്യാപനത്തെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ആശമാരുടെ അഭിനന്ദനം നല്ല കാര്യമാണ്. വസ്തുതകൾ കണ്ട് മനസ്സിലാക്കി വേണം സമരം ചെയ്യാൻ. സമരം കാരണമല്ല ഓണറേറിയം വർധിപ്പിച്ചത്. സംസ്ഥാന സർക്കാറിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു എന്നും മന്ത്രി പ്രതികരിച്ചു.
അതിദാരിദ്ര്യ നിർമാർജനം എ കെ ആന്റണിയുടെ പദ്ധതിയെന്ന പ്രതിപക്ഷവാദം തെറ്റാണ്. ഇങ്ങനെയൊരു പദ്ധതി യുഡിഎഫ് സർക്കാർ നടപ്പിലാക്കിയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. എല്ലാ പദ്ധതികളും പോലെ അതിദാരിദ്ര്യം നിർമാർജന പദ്ധതിയും സുതാര്യമാണ്. വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ പഠനം നടത്തിയാണ് മാനദണ്ഡങ്ങൾ തീരുമാനിച്ചത്. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
 
			 
			







