കൈയിൽ പണം കൊണ്ട് നടക്കുന്നവരുടെ എണ്ണം കുറവാണ്. എന്നാലും ചിലയിടങ്ങളിൽ പണം ആയിട്ട് തന്നെ നൽകണം. എന്നാൽ അതൊട്ട് ആരുടേയും കൈകളിൽ കാണില്ല, പ്രത്യേകിച്ച് ചില്ലറ. ഈ ചില്ലറ ക്ഷാമം അത്ര ചില്ലറ പ്രശ്‌നമൊന്നും അല്ല. അതുകൊണ്ടു തന്നെ അത് പരിഹരിക്കാൻ നീക്കം നടക്കുകയാണ്. 10, 20, 50 രൂപ നോട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ തരം എടിഎമ്മുകൾ സ്ഥാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എടിഎമ്മുകളിൽ നിലവിൽ 100, 500 രൂപ നോട്ടുകളാണ് ലഭിക്കുന്നത്. ഇത് മാറ്റാനായി ചെറിയ നോട്ടുകൾ മാത്രം വിതരണം ചെയ്യുന്ന മെഷീനുകളോ അല്ലെങ്കിൽ വലിയ നോട്ടുകൾ നൽകിയാൽ പകരം ചെറിയ നോട്ടുകൾ നൽകുന്ന ഹൈബ്രിഡ് എടിഎമ്മുകളോ സ്ഥാപിക്കാൻ ആണ് നീക്കം. ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് മുംബൈയിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മുംബൈയിലെ പ്രാദേശിക മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലാണ് ഇത്തരം മെഷീനുകൾ സ്ഥാപിക്കുന്നത്. പണമിടപാടുകൾ കൂടുതൽ നടക്കുന്ന ഇത്തരം സ്ഥലങ്ങളിൽ ചില്ലറ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കിയത് അത് പല ബുദ്ധിമുട്ടുകൾക്കും അറുതി വരുത്തും. അതുകൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) ഇതിനായി കൂടുതൽ ചെറിയ നോട്ടുകൾ അച്ചടിക്കാനുള്ള നടപടികൾ സ്വീകരിച്ചേക്കും. ഡിജിറ്റൽ പേയ്‌മെന്റ് എല്ലായിടത്തും ഉണ്ടെങ്കിലും ദിവസക്കൂലിക്കാർ, തെരുവ് കച്ചവടക്കാർ, ചെറിയ കടയുടമകൾ എന്നിവർ ഇപ്പോഴും പണമിടപാടുകളെയാണ് ആശ്രയിക്കാറുള്ളത്. പണി തീർന്നു കഴിയുമ്പോൾ 500 രൂപ നോട്ടുകൾക്ക് ചില്ലറ വാങ്ങാൻ ഓടുന്നവരെ കണ്ടിട്ടില്ലേ ? ആ പ്രശ്‌നം പുതിയ പദ്ധതി വഴി ഒഴിവാക്കാം. മാത്രമല്ല, മെഷീനുകളിൽ നിരന്തരമായി ചെറിയ നോട്ടുകൾ നിറയ്ക്കുന്നത് ബാങ്കുകൾക്ക് അധിക ബാധ്യതയുണ്ടാക്കും.








