കെ റെയിലിന് പിന്നാലെ, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ റെയില്‍ പദ്ധതിയുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. 583 കിലോമീറ്റര്‍ നീളത്തില്‍ റീജണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയയ്ക്കും
കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം ധാരാണാ പത്രത്തില്‍ ഏര്‍പ്പെടും. ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിക്കാന്‍ ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. ആര്‍.ആര്‍.ടി.എസ് (റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം) പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയില്‍വേ സംവിധാനമാണ്. ഡല്‍ഹി – മിററ്റ് ആര്‍.ആര്‍.ടി.എസ് കോറിഡോര്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അതിലൂടെ, ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത തെളിയിക്കപ്പെട്ടു. മണിക്കൂറില്‍ 160 – 180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്രാ ശേഷി എന്നിവ ആര്‍.ആര്‍.ടി.എസ് നെ കേരളത്തിനും അനുയോജ്യമാക്കുന്നു. ഇതിനു പുറമെ മീററ്റ് മെട്രോ എന്നത് ആര്‍ ആര്‍.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം പൂര്‍ണ്ണമായും ഗ്രേഡ് – സെപ്പറേറ്റഡ് (തൂണുകളില്‍ കൂടി) ആയി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്‍.സി.ആര്‍.ടി.സി (നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍) വഴി ഡല്‍ഹി – എന്‍.സി.ആര്‍ മേഖലയില്‍ നടപ്പിലാക്കുന്ന ആര്‍.ആര്‍.ടി.എസ് പദ്ധതി ഡല്‍ഹി – എന്‍.സി.ആര്‍ പരിധിക്ക് പുറത്തേക്കും പരിഗണിക്കാമെന്ന അനുകൂല നിലപാട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഡി.പി.ആര്‍ സമര്‍പ്പിക്കപ്പെടുന്ന പക്ഷം, കേരളത്തിലെ ആര്‍്ആര്‍.ടി.എസ് പദ്ധതിയും ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കേരള സന്ദര്‍ശന വേളയില്‍ അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനായി അതിവേഗ റെയില്‍വേ സംവിധാനമായ ആര്‍.ആര്‍.ടി.എസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ആര്‍.ആര്‍.ടി.എസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനാണ് ഉദേശ്യം. നിലവിലുള്ള കൊച്ചി മെട്രോയുമായും, ഭാവിയില്‍ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആര്‍.ആര്‍.ടി.എസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാന്‍ സാധ്യമാകും. ലാസ്റ്റ് മൈല്‍ കണക്ട്വിറ്റി മെച്ചപ്പെടുകയും, സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. ഇത് സംസ്ഥാനത്ത് ഒരു ഏകികൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും. പദ്ധതിച്ചെലവിന്റെ 20% സംസ്ഥാന സര്‍ക്കാര്‍, 20% കേന്ദ്ര സര്‍ക്കാര്‍, ശേഷിക്കുന്ന 60% അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വായ്പ എന്ന നിലയിലാണ് ഡല്‍ഹി ആര്‍.ആര്‍.ടി.എസ് നടപ്പിലാക്കുന്നത്. ഇതേ മാതൃക ആണ് കേരളത്തിലും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടമായി തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ഉള്ള Travancore Line (Phase – -1), അതിന്റെ ഒപ്പം തിരുവനന്തപുരം മെട്രോയും കൂടാതെ കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തില്‍ സമാന്തരമായി (parallel execution) ആരംഭിക്കും. 284 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം 2027 ല്‍ നിര്‍മ്മാണം ആരംഭിച്ച് 2033 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ടാംഘട്ടമായി തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെ മലബാര്‍ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ കണ്ണൂര്‍ ലൈന്‍ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂര്‍ മുതല്‍ കാസര്‍ഗോഡ് ലൈനും പൂര്‍ത്തിയാക്കുന്നതിനുമാണ് നിര്‍ദ്ദേശമുള്ളത്.









