കൊച്ചി : ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് പേരിനൊപ്പം ‘ഡോക്ടർ” എന്ന പദവി ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി കൂടുതൽ വ്യാജഡോക്ടർമാരെ സൃഷ്ടിക്കാനേ ഉപകരിക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കുറ്റപ്പെടുത്തി. ഹൈക്കോടതി വിധി നിർഭാഗ്യകരമെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഐ.എം.എ പ്രസ്താവനയിൽ വ്യക്തമാക്കി.നിലവിലെ നിയമമനുസരിച്ച് മോഡേൺ മെഡിസിൻ, ആയുഷ്, ഡെന്റൽ വിഭാഗങ്ങളിലെ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്കും പിഎച്ച്.ഡി ലഭിച്ചവർക്കും മാത്രമാണ് പേരിന് മുന്നിൽ ഡോക്ടർ എന്ന് ചേർക്കാൻ അനുവാദം ഉള്ളത്. ഡോക്ടർ എന്ന പദവി എല്ലാവരും ഉപയോഗിക്കുന്നത് രോഗികൾക്ക് യഥാർത്ഥ ചികിത്സകരെ തിരിച്ചറിയുന്നതിന് തടസമാകുമെന്നും ഇത് വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴി തെളിക്കുമെന്നും ഐ.എം,എ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ആരുടെയെല്ലാം പേരിന് മുന്നിൽ ഡോക്ടർ എന്ന് ചേർക്കാം എന്നതിനെ കുറിച്ച് സർക്കാർ വ്യക്തമായ സർക്കുലർ ഇറക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. നിലവിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോനും സെക്രട്ടറി റോയ് എം. ചന്ദ്രനും അറിയിച്ചു.









