പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗിക പീഡന പരാതിയിൽ സംശയങ്ങളുന്നയിച്ച് പത്തനംതിട്ട സെഷൻസ് കോടതി. കേസിൽ രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ബലാത്സംഗ ആരോപണത്തിൽ കോടതി സംശയങ്ങളുന്നയിച്ചത്. പരാതി നൽകിയതിലെ കാലതാമസം, ബലാത്സംഗം നടന്നുവെന്ന് അവകാശപ്പെടുന്ന സമയത്തിന് ശേഷം രാഹുലുമായുള്ള ബന്ധം, വിവാഹ വാഗ്ദാനത്തിലെ വൈരുദ്ധ്യം തുടങ്ങിയവയാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.പരാതിക്കാരി വിവാഹിതയാണെന്നും ആ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അങ്ങനെയുള്ള സാഹചര്യത്തിൽ പ്രതി എങ്ങനെ പരാതിക്കാരിയെ നിയമപരമായി വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തു എന്നത് വിചാരണയിൽ തെളിയേണ്ട കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.ബലാത്സംഗം ആരോപിക്കപ്പെടുന്ന സമയത്തിന് ശേഷവും പരാതിക്കാരി രാഹുലുമായി വാട്‌സാപ്പ് വഴിയും മറ്റും സൗഹൃദബന്ധം തുടർന്നിരുന്നുവെന്നും, പലതവണ പണം കൈമാറിയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങൾ വിശദമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് കോടതി പറഞ്ഞു.ബലാത്സംഗം നടന്ന ശേഷം ഏകദേശം ഒരു വർഷവും ഒൻപത് മാസവും കഴിഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്. ഈ വലിയ കാലതാമസത്തിന് വ്യക്തമായ വിശദീകരണം നൽകാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ല എന്നതും കോടതി രാഹുലിന് ജാമ്യം അനുവദിക്കുന്നതിനായി പരിഗണിച്ചു. ‘സംഭവത്തിനുശേഷവും ഹർജിക്കാരനുമായി ബന്ധം നിലനിർത്തിയിരുന്നതായും, പാലക്കാട് ഒരു ഫ്‌ളാറ്റ് സംയുക്തമായി വാങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടെ തുടർന്നുള്ള ഇടപെടലുകൾ ഉണ്ടായിരുന്നു. സാമ്പത്തിക തടസ്സങ്ങൾ കാരണം അതിൽനിന്ന് പരാതിക്കാരി പിൻമാറി.ഗർഭിണിയാണെന്ന് അറിഞ്ഞതിനുശേഷവും ഉൾപ്പെടെ നിരവധി തവണ അവർ ഹർജിക്കാരന് പണം കൈമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. മറ്റു ചില സ്ത്രീകൾ ഹർജിക്കാരനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനു ശേഷമാണ് താൻ സംഭവം പരസ്യമാക്കിയതെന്ന് പരാതിക്കാരി തന്നെ പറയുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ഒരുമിച്ച് എടുക്കുമ്പോൾ, വിശദമായ വിലയിരുത്തൽ ആവശ്യമുള്ള കാര്യങ്ങളാണ്’ കോടതിയുടെ ഉത്തരവിൽ പറയുന്നു. രാഹുൽ 18 ദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പ്രധാന തെളിവുകൾ പോലീസ് ശേഖരിച്ചുകഴിഞ്ഞുവെന്നും കോടതി വിലയിരുത്തി. അതിനാൽ തന്നെ തുടർന്നുള്ള കസ്റ്റഡി അന്വേഷണത്തിന് ആവശ്യമില്ലെന്ന് കോടതി കണ്ടെത്തി.







