ഇൻസ്റ്റഗ്രാം ഫീഡുകൾ ഇനി ഉപയോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഈ ഫീച്ചറിനെ പറ്റിയുള്ള അപ്‌ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . ഉപയോക്താവിന്റെ ഫീഡുകളിൽ ഏത് കണ്ടന്റുകളാണോ അവർക്ക് കാണാൻ താല്പര്യമുള്ളത് അവ മാത്രം തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം നൽകുന്നതാണ് പുതിയ ഫീച്ചർ.
‘യുവര്‍ അല്‍ഗൊരിതം’ എന്ന ഈ ഫീച്ചർ ഉപയോഗിച്ച് അൽഗോരിതം നമുക്ക് തന്നെ സെറ്റ് ചെയ്യാവുന്നതാണ്. പഴയത് പോലെ നിങ്ങൾ എന്ത് കാണണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം അല്‍ഗൊരിതത്തിനുണ്ടാവില്ല. ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും ഒഴിവാക്കാനുമുള്ള അവകാശവും ഇതിലൂടെ ലഭിക്കും.
പലപ്പോഴും റീലുകൾ കണ്ട് കൊണ്ടിരിക്കുമ്പോൾ നമുക്ക് ഇഷ്ടമില്ലാത്ത പല കണ്ടന്റുകളും കയറിവരാറുണ്ട്. ഇങ്ങനെ കടന്നുവരുന്ന വിഡിയോകൾ നമ്മുടെ മൂഡ് വരെ നശിപ്പുന്നതിനും കാരണമാകും. പിന്നീട് ഫീഡ് വീണ്ടും പഴയത് പോലെയാകാൻ റിഫ്രഷ് ചെയ്യേണ്ടതായും വരുന്നു. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഇതിനൊരു പരിഹാരമാകും.
അമേരിക്കയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കളിൽ മാത്രമാണ് ഇപ്പോൾ ഫീച്ചർ ലഭ്യമായിട്ടുള്ളത്. കൂടുതൽ ആളുകളിലേക്ക് ഉടൻ എത്തുമെന്നും ആദം മൊസേരി വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്യുമെന്നും അവർക്ക് ഇത് കൂടുതൽ ഇഷ്ട്ടപെടുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുക്കിവെച്ച പോസ്റ്റിൽ പറയുന്നു. ത്രെഡ്സിലും ഇതെ ഓപ്‌ഷൻ കൊണ്ടുവരാനായി മെറ്റാ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
 
			 
			







