കൂറ്റനാട് : തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കും. മൂന്നിന് 10-ന് എം.പി. അബ്‌ദുസമദ്സമദാനി എംപി ഉദ്ഘാടനം നിർവഹിക്കും. നടി ബീന ആർ. ചന്ദ്രൻ മുഖ്യാതിഥിയാകും.
ഉപജില്ലയിലെ 70 വിദ്യാലയങ്ങളിൽനിന്ന് ഏഴായിരത്തോളം കുട്ടികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. വട്ടേനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും ഗവ. എൽപി സ്കൂളിലും കെഎം ഓഡിറ്റോറിയത്തിലും പരിസരങ്ങളിലുമായി 13വേദികളാണുള്ളത്. തൃത്താല സിഐയുടെ നേതൃത്വത്തിൽ അച്ചടക്ക കമ്മിറ്റിയും രംഗത്തുണ്ടാവും. സമാപനസമ്മേളനം ആറിന് വൈകീട്ട് ആറിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്നും സംഘാടക സമിതി ചെയർമാൻ പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, ജനറൽ കൺവീനർ സി.എ. അഞ്ജന, എം.കെ. അൻവർ സാദത്ത് തുടങ്ങിയവർ അറിയിച്ചു.
 
			 
			







