കോടശ്ശേരി(തൃശ്ശൂര്‍): തീവണ്ടിയില്‍ നെഞ്ചുവേദനയുണ്ടായ മാരാംകോട് സ്വദേശിയായ യുവാവ് മരിച്ചത് റെയില്‍വേയുടെ അനാസ്ഥയെന്ന് കുടുംബം. മാരാംകോട് മുണ്ടോപ്പിള്ളി സുബ്രന്റെയും ഉഷയുടെയും മകന്‍ ശ്രീജിത്ത് (26) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. ഹൈദരാബാദില്‍ ആയുര്‍വേദ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലിചെയ്യുന്ന ശ്രീജിത്ത് വീട്ടിലേക്കുവരുന്നതിനിടെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ തീവണ്ടി ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. അപസ്മാരവും വന്നു. ഡോക്ടര്‍ ഉള്‍പ്പെടെ ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ ടിടിആറിനെയും റെയില്‍വേ അധികൃതരെയും ആംബുലന്‍സ് സൗകര്യമൊരുക്കാന്‍ അറിയിച്ചു. വിവരമറിഞ്ഞ് സഹോദരന്‍ ശ്രീജേഷും റെയില്‍വേസ്റ്റേഷനില്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് വിളിച്ച് ആവശ്യപ്പെട്ടിരുന്നു. മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തീവണ്ടിയില്‍ കൂടെയുണ്ടായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ടിടിആര്‍ ധരിപ്പിച്ചു.മുളങ്കുന്നത്തുകാവില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയില്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ ഇറങ്ങാതെ മുളങ്കുന്നത്തുകാവിലേക്ക് പോരുകയായിരുന്നു. ഇതിനിടെ യാത്രക്കാരിലൊരാളായ ഡോക്ടര്‍ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാനാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, തീവണ്ടി മുളങ്കുന്നത്തുകാവ് സ്റ്റേഷനിലെത്തി അര മണിക്കൂര്‍ കഴിഞ്ഞാണ് ആംബുലന്‍സ് എത്തിയത്. ആംബുലന്‍സില്‍ ഓക്‌സിജന്‍ നല്‍കാനുള്ള സൗകര്യംപോലുമുണ്ടായില്ല.ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 20 മിനിറ്റുമുന്‍പ് മരിച്ചിരുന്നതായി ഡോക്ടര്‍ കൂടെയുണ്ടായിരുന്നവരെ അറിയിച്ചു. ചാലക്കുടിയില്‍നിന്ന് പുറപ്പെട്ട സഹോദരന്‍ ആശുപത്രിയിലെത്തുന്നതിന് കഷ്ടിച്ച് അഞ്ചുമിനിറ്റ് മുന്‍പാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ആംബുലന്‍സാണ് എത്തിയത്. റെയില്‍വേസ്റ്റേഷനിലോ തീവണ്ടിയിലോ മെഡിക്കല്‍ കിറ്റുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. റെയില്‍വേയുടെ സമയോചിതമായ ഇടപെടല്‍ ഉണ്ടായിരുന്നുവെങ്കില്‍ മരണം ഉണ്ടാകുമായിരുന്നില്ലെന്ന് ജ്യേഷ്ഠന്‍ ശ്രീജേഷ് പറഞ്ഞു.ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. റെയില്‍വേയുടെ അനാസ്ഥയില്‍ ഊരുമൂപ്പന്‍ പി.എ. സതീഷ് പ്രതിഷേധിച്ചു. കളക്ടറെക്കണ്ട് പരാതിപ്പെടുമെന്നും റെയില്‍വേ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുമെന്നും ഊരുമൂപ്പന്‍ പറഞ്ഞു. മരണത്തില്‍ തൃശ്ശൂര്‍ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.










