കാലിഫോർണിയ: ചിമ്പാൻസികളുടെ ലോകത്തെ കുറിച്ചുള്ള പ്രമുഖ വിദഗ്ധയും പരിസ്ഥിതി പ്രവർത്തകയുമായ ഡാം ജെയ്ൻ ഗുഡാൾ(91) അന്തരിച്ചു. മനുഷ്യർ ചിമ്പാൻസികളുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്താൻ അവരുടെ നിരീക്ഷണങ്ങൾ സഹായിച്ചിരുന്നു. ലോകമെമ്പാടുമുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കായി ജെയ്ൻ അവസാനകാലംവരെയും പ്രവർത്തിച്ചു.യുഎസിലെ പ്രഭാഷണ പര്യടനത്തിനിടെ കാലിഫോർണിയയിൽവെച്ച് അസുഖങ്ങളെ തുടർന്നാണ് ഡോ. ഗുഡാൾ അന്തരിച്ചതെന്ന് ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അവരുടെ കണ്ടെത്തലുകൾ വിപ്ലവം സൃഷ്ടിച്ചുവെന്നും ലോകത്തിന്റെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ച വക്താവായിരുന്നു അവരെന്നും ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.ഡോ. ഗുഡാളിന്റെ വിയോഗത്തിൽ ഐക്യരാഷ്ട്രസഭ അനുശോചനം രേഖപ്പെടുത്തി. ‘നമ്മുടെ ഗ്രഹത്തിനും അതിലെ എല്ലാ ജീവജാലങ്ങൾക്കും വേണ്ടി അവർ അക്ഷീണം പ്രയത്‌നിച്ചു. മനുഷ്യരാശിക്കും പ്രകൃതിക്കും അസാധാരണമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചു.’ യുഎൻ പ്രസ്താവനയിൽ പറഞ്ഞു.അവരുടെ മരണത്തിൽ ഹൃദയം തകർന്നുവെന്നാണ് ഗ്രീൻപീസ് വിശേഷിപ്പിച്ചത്. നമ്മുടെ കാലത്തെ യഥാർത്ഥ സംരക്ഷകരിൽ ഒരാൾ എന്ന് ഗുഡാളിനെ അവർ വിശേഷിപ്പിച്ചു.1934-ൽ ലണ്ടനിൽ ജനിച്ച് വളർന്ന ജെയ്ൻ ഗുഡാൾ, ദി സ്റ്റോറി ഓഫ് ഡോ. ഡൂലിറ്റിൽ, ടാർസൻ തുടങ്ങിയ പുസ്തകങ്ങൾ വായിച്ചതിനു ശേഷമാണ് മൃഗങ്ങളിൽ ആകൃഷ്ടയായത്. ഇരുപതുകളുടെ മധ്യത്തിൽ കെനിയയിലെ ഒരു സുഹൃത്തിന്റെ ഫാമിൽ താമസിക്കുമ്പോൾ പ്രമുഖ പ്രൈമറ്റോളജിസ്റ്റ് പ്രൊഫസർ ലൂയിസ് ലീക്കിയെ കണ്ടുമുട്ടിയത് അവരുടെ ജീവിതത്തിൽ വഴിത്തിരിവായി. ലീക്കി അവരുടെ കഴിവുകൾ തിരിച്ചറിയുകയും 1960-ൽ ടാൻസാനിയയിലെ വനങ്ങളിലേക്ക് അവരുടെ ആദ്യത്തെ ഗവേഷണ യാത്ര സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്തുഅതേവർഷം ഒരു മൃഗം ഉപകരണം ഉപയോഗിക്കുന്നത് ആദ്യമായി രേഖപ്പെടുത്തിയ വ്യക്തിയായി അവർ മാറി. ഡേവിഡ് ഗ്രേബിയേർഡ് എന്ന് പേരിട്ട ഒരു വലിയ ആൺ ചിമ്പാൻസി വടി ഉപയോഗിച്ച് ചിതൽപ്പുറ്റിൽനിന്ന് ചിതലുകളെ കുത്തിയെടുക്കുന്നത് അവർ നിരീക്ഷിച്ചു. അതുവരെ, മനുഷ്യർക്ക് മാത്രമേ അതിനുള്ള ബുദ്ധിയുള്ളൂ എന്നാണ് കരുതിയിരുന്നത്. അവരുടെ നിരീക്ഷണങ്ങൾ പരമ്പരാഗത ശാസ്ത്രീയ ചിന്തകളെ വെല്ലുവിളിക്കുകയും പരിണാമ ശാസ്ത്രത്തിന്റെ ഭാവിയെ രൂപപ്പെടുത്തുകയും ചെയ്തു.അവരുടെ പഠനങ്ങൾ പ്രമുഖ ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു, 1965-ൽ നാഷണൽ ജിയോഗ്രാഫിക്കിന്റെ മുഖചിത്രമായി അവർ മാറി. പ്രൈമേറ്റുകളുടെ വൈകാരികവും സാമൂഹികവുമായ ജീവിതം ലോകത്തിന് പരിചയപ്പെടുത്തി. മൃഗങ്ങൾ ശക്തമായ കുടുംബബന്ധങ്ങൾ സ്ഥാപിക്കുകയും തങ്ങളുടെ മേഖലയ്ക്കു വേണ്ടി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന് അവർ വെളിപ്പെടുത്തി. ഓർസൺ വെൽസ് ആഖ്യാനം നിർവഹിച്ച ഒരു ടെലിവിഷൻ ഡോക്യുമെന്ററിയിൽ ചിമ്പാൻസി കുഞ്ഞുങ്ങളുമായി കളിക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.മൃഗങ്ങളുമായി വളരെ അടുത്തിടപഴകുക, അവയ്ക്ക് പേരിടുക, സുഹൃത്തുക്കൾ എന്ന് അവയെ വിശേഷിപ്പിക്കുക തുടങ്ങിയ അവരുടെ സമീപനത്തെ ചില ശാസ്ത്രജ്ഞർ പരിഹസിച്ചു. ബിരുദമോ മുൻകാല ശാസ്ത്രീയ പരിശീലനമോ ഇല്ലാതിരുന്നിട്ടും തന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി അവർ പിഎച്ച്ഡി നേടി.1977-ൽ സ്ഥാപിച്ച ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട് ചിമ്പാൻസികളെ സംരക്ഷിക്കാനും മൃഗങ്ങൾക്കും പരിസ്ഥിതിക്കും പ്രയോജനകരമായ പദ്ധതികളെ പിന്തുണയ്ക്കാനും പ്രവർത്തിക്കുന്നു. ഡോ. ഗുഡാളിന് 2003-ൽ ‘ഡാം’ പദവി ലഭിച്ചു, 2025-ൽ യുഎസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു. നിരന്തരം യാത്ര ചെയ്യുന്നതിൽ അവർ പ്രശസ്തയായിരുന്നു. 1986 മുതൽ മൂന്നാഴ്ചയിൽ കൂടുതൽ ഒരേ കിടക്കയിൽ ഉറങ്ങിയിട്ടില്ലെന്ന് 2022-ൽ അവർ ടൈംസ് പത്രത്തോട് പറഞ്ഞിരുന്നു.ഗവേഷണ രംഗത്തെ അനുഭവങ്ങൾക്ക് ശേഷം അവർ ആക്ടിവിസ്റ്റായി മാറി. മൃഗശാലകളിലോ വൈദ്യശാസ്ത്ര ഗവേഷണത്തിനായി തടവിൽ പാർപ്പിച്ചിരിക്കുന്ന ചിമ്പാൻസികളെ മോചിപ്പിക്കാൻ പ്രവർത്തിച്ചു, 2024-ൽ അവർ ബിബിസിയോട് പറഞ്ഞു: ‘നമ്മൾ ആറാമത്തെ മഹത്തായ വംശനാശത്തിന്റെ നടുവിലാണ്… പ്രകൃതിയെ പുനഃസ്ഥാപിക്കാനും നിലവിലുള്ള വനങ്ങൾ സംരക്ഷിക്കാനും നമുക്ക് എത്രത്തോളം കഴിയുമോ അത്രയും നല്ലത്.’