രക്തത്തിന്റെ ‘ലോകത്ത്’ പുതിയൊരു വിഭാഗത്തേ കൂടി കണ്ടെത്തിയിരിക്കുകയാണ് തായ്‌ലന്‍ഡിലെ ശാസ്ത്രജ്ഞര്‍. A, B, O, AB എന്നിങ്ങനെ നാലു വിഭാഗങ്ങളായുള്ള രക്തഗ്രൂപ്പുകളെ കുറിച്ചാണ് നമ്മള്‍ കേട്ടിട്ടുള്ളതും പഠിച്ചിട്ടുള്ളതും. ഇതിലെ Rh ഘടകത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും കണക്കാക്കിയാണ് പോസിറ്റീവ് നെഗറ്റീവ് രക്തമായി തരംതിരിക്കുന്നതും. എന്നാലിപ്പോള്‍ ഒരു ഹൈബ്രിഡ് ബ്ലഡ് ടൈപ്പാണ് ലോകത്തില്‍ ആകെ മൂന്ന് പേരില്‍ മാത്രം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.5,44,000ലധികം രക്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു രോഗിയിലും രണ്ട് ധാതാക്കളിലും B(A) ടൈപ്പ് രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുന്നത്. ഏകേദേശം 0.00055 ആളുകളില്‍ മാത്രം കാണാന്‍ സാധ്യതയുള്ള ഒരു ജനിതക പ്രത്യേകതയാണിതെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. ABO ജീനിലുണ്ടായ ജനിതക മ്യൂട്ടേഷനാണ് B(A) ബ്ലഡ് ടൈപ്പ്. ABO ജീനിന്റെ നാല് വേരിയേഷനുകള്‍ അപൂര്‍വ ബ്ലഡ് ടൈപ്പുള്ള ആളുകളില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചുമന്ന രക്താണുക്കളില്‍ ആന്റിജന്‍ ഘടന ഉണ്ടാക്കാന്‍ കാരണമാകുന്ന ഗ്ലൈക്കോസില്‍ട്രാന്‍സ്‌ഫെറേസ് എന്‍സൈമില്‍ ഈ വേരിയന്റുകള്‍ മാറ്റം വരുത്തുന്നു. ഇതോടെ ചുമന്ന രക്താണുക്കളില്‍ ടൈപ്പ് B പ്രൊഫൈല്‍ കാണിക്കുന്നതിനൊപ്പം A ആന്റിജന്റെ ചെറിയ അളവിലുള്ള സാന്നിധ്യവും ഉണ്ടാകും. ഇതിനാല്‍ A/B/AB/O എന്നീ രക്തവുമായി ഇത് ചേരില്ല.ശരീരത്തിനുള്ളിലേക്ക് അന്യവസ്തുക്കള്‍ കടക്കുമ്പോള്‍ പ്രതിരോധ പ്രതികരണം ഉണ്ടാക്കുന്ന ആന്റിജന്‍/പ്രോട്ടീന്‍/ഷുഗര്‍/ലിപ്പിഡുകള്‍ എന്നിവ വഴിയാണ് ബ്ലഡ് ടൈപ്പുകള്‍ മനസിലാക്കുന്നത്. A ആന്റിജനില്‍ N – അസറ്റൈല്‍ഗാലാക്ടോസാമൈന്‍ ആണ് ഡോമിനന്റ് ഷുഗര്‍ എന്നാല്‍ B ആന്റിജനില്‍ ഇത് D-ഗാലക്ടോസാണ്. ABയില്‍ ഇവ രണ്ടുമുണ്ട്. എന്നാല്‍ Oയില്‍ ഇവ രണ്ടുമില്ല, പകരം റീസസ് അഥവാ Rh ആണ് കാണപ്പെടുന്നത്. വിജയകരമായ രക്തദാനം നടത്തണമെങ്കില്‍ ദാതാവിന്റെ ആന്റിജനും സ്വീകര്‍ത്താവിന്റെ ആന്റിജനും തമ്മില്‍ മാച്ചാകണം. ഇക്കാരണത്താലാണ് O നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പിനെ യൂണിവേഴ്‌സല്‍ ഡോണര്‍ എന്ന് വിളിക്കുന്നത്. ഇതില്‍ A, B, Rh(D) ആന്റിജനുകളില്ല.










