ചാലിശ്ശേരി: ലാഭവും നഷ്ടവും മാറിമാറിയാലും മണ്ണിനോടുള്ള സ്നേഹമാണ് കണ്ണനെ കൃഷിയിലേക്ക് ആകർഷിക്കുന്നത്. “വിളവ് കുറവായാലും രുചിയും സ്വാദുമുള്ള വിളകളാണ് വേണ്ടത്” എന്ന വിശ്വാസത്തോടെ കണ്ണൻ തന്റെ പച്ചക്കറിത്തോട്ടത്തിൽ നീളം കുറഞ്ഞ കുറ്റിപ്പയറും ചെറിയ ഇനം വെണ്ടയും ധാരാളമായി കൃഷി ചെയ്തു. പുതുതായി എത്തിയ നീളൻപയറിനേക്കാൾ പഴയ നാടൻ പയറിനാണ് രുചി കൂടുതലെന്ന് കണ്ണന്റെ അഭിപ്രായം.ഓണക്കാലത്തോട് അനുബന്ധിച്ച് അരയേക്കർ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്ത കണ്ണന്റെ തോട്ടം സന്ദർശിക്കാനും വിളവെടുപ്പിനായി മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവർ എത്തിയിരുന്നു. അത്തം മുതൽ തിരുവോണം വരെ പൂവിന് കിലോയ്ക്ക് 150 രൂപവരെ വില ലഭിച്ചെങ്കിലും പൂക്കളുടെ പ്രധാന വിളവ് ഓണത്തിന് ശേഷമാണ് ലഭിച്ചത്. ഇതോടെ ഇപ്പോഴത്തെ വില 150ൽ നിന്ന് 40 രൂപയിലേക്കു താഴ്ന്നു. വിത്തിനായി പൂക്കൾ ചോദിച്ചെത്തുന്ന കുട്ടികൾക്ക് സൗജന്യമായി നൽകുന്ന മനസ്സുള്ള കർഷകനാണ് കണ്ണൻ.തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് 12-ാം വയസ്സിൽ താറാവ് കർഷകരോടൊപ്പം ചാലിശ്ശേരിയിലെത്തിയ കണ്ണൻ ഇവിടെ പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കൃഷിയിറങ്ങുന്നത്. ഈ വർഷം നാല് ഏക്കറിൽ നെല്ല്, അരയേക്കറിൽ പച്ചക്കറി, 30 സെൻറ് സ്ഥലത്ത് കൂവ്വ, ചീനിമുളക്, തക്കാളി, കാബേജ് തുടങ്ങിയവ കൃഷി ചെയ്തിട്ടുണ്ട്.പന്നികളുടെ ആക്രമണത്തെ തുടർന്ന് വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ കഴിയാത്തതാണ് കണ്ണന്റെ ഏക വിഷമം.ഭാര്യ: ചാലിശ്ശേരി സ്വദേശി സരസ്വതി.മക്കൾ: രമേശ് (ഷെഫ്), വിഷ്ണു (ഓട്ടോമൊബൈൽ എൻജിനിയർ).











