തിരുവനന്തപുരം : ദീപാവലിക്കു വീട്ടിലേക്കു ട്രെയിനില്‍ പോകാനുള്ള തയാറെടുപ്പിലാണോ, എങ്കില്‍ ഈ മാറ്റം ശ്രദ്ധിക്കാതെ പോകരുത്. ഒക്ടോബർ ഒന്നിനു പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമം നടപ്പാക്കും. പുതിയ നിയമം അനുസരിച്ച്, ആധാർ പരിശോധനയ്ക്കു വിധേയരായവർക്ക് മാത്രമേ റിസർവേഷൻ ആരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ.തത്കാല്‍ ടിക്കറ്റുകള്‍ക്കു മാത്രമായിരുന്നു നിലവില്‍ ഈ നിയമം ബാധകമായിരുന്നത്. ഇനി ഇത് ജനറല്‍ റിസർവേഷൻ ടിക്കറ്റുകള്‍ക്കും ബാധകമാകും. ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിലെ തട്ടിപ്പ് തടയുന്നതിനായാണ് ഇന്ത്യൻ റെയില്‍വേ ഈ പ്രധാന തീരുമാനം എടുത്തത്. അതിന്‍റെ ഭാഗമായാണ് ഒക്ടോബർ ഒന്നുമുതല്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്. ടിക്കറ്റ് റിസർവേഷനുകള്‍ക്കായുള്ള ഈ നിയമം ഐആർസിടിസി വെബ്‌സൈറ്റിനും ആപ്പിനും ബാധകമായിരിക്കും. അതേസമയം, കംപ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകളില്‍നിന്ന് ടിക്കറ്റ് വാങ്ങുന്നവർക്കുള്ള സമയവും നടപടിയും അതേപടി തുടരും. ഒക്ടോബർ ഒന്നുമുതല്‍, ആധാർ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകള്‍ക്കാണു മുൻഗണന നല്കുക. ആദ്യത്തെ15 മിനിറ്റിനുള്ളില്‍, പരിശോധിച്ചുറപ്പിച്ച ആധാർ അക്കൗണ്ടുകള്‍ ഉള്ളവർ ഒഴികെ മറ്റാർക്കും ബുക്കിംഗ് അനുവദിക്കില്ല. തുടക്കത്തില്‍ ആധാർ അംഗീകൃത ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈൻ ബുക്കിംഗുകള്‍ പരിമിതപ്പെടുത്തുന്നതിലൂടെ, ടിക്കറ്റ് അലോക്കേഷനില്‍ സുതാര്യത കൊണ്ടുവരാനും മൊത്ത ബുക്കിംഗ് കുറയ്ക്കാനും ഇന്ത്യൻ റെയില്‍വേ ലക്ഷ്യമിടുന്നു. അങ്ങനെ റെയില്‍വേ സേവനങ്ങള്‍ ശരിയായ യാത്രക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം. തിങ്കളാഴ്ച റെയില്‍വേ ബോർഡ് ഈ വിഷയത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. റിസർവേഷൻ സംവിധാനത്തിന്‍റെ ആനുകൂല്യങ്ങള്‍ സാധാരണ ഉപയോക്താവിലേക്ക് എത്തുന്നുണ്ടെന്നും ടിക്കറ്റ് ബ്രോക്കർമാർ അത് ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാനാണു റിസർവേഷൻ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച തീരുമാനം എടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.ഒക്ടോബർ ഒന്നുമുതല്‍, ജനറല്‍ റിസർവേഷനുകള്‍ ആരംഭിച്ചതിന്‍റെ ആദ്യ 15 മിനിറ്റിനുള്ളില്‍, ആധാർ ആധികാരികമാക്കിയ ഉപയോക്താക്കള്‍ക്കു മാത്രമേ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ അതിന്‍റെ ആപ്പ് വഴിയോ റിസർവ് ചെയ്ത ജനറല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ കഴിയൂ. ജൂലൈ മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാർ കാർഡ് നിർബന്ധമാക്കിയതിനു പിന്നാലെയാണ് ഈ പുതിയ നിയമം വരുന്നത്.









