ഇസ്രയേലിനെ സസ്‌പെന്‍ഡ് ചെയ്യാൻ യുവേഫ നീങ്ങുന്നുവെന്ന് റിപ്പോർട്ട്. സസ്പെൻഷനായുള്ള വോട്ടെടുപ്പിലേക്കാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ നീങ്ങുന്നത്. അമേരിക്കയൊഴികെ ലോകം മുഴുവൻ എതിർക്കുമ്പോഴും ഗാസയിൽ വംശഹത്യ തുടരുന്ന ഇസ്രയേൽ സർക്കാരിൻ്റെ നടപടിയെ തുടർന്നാണിത്.ഇസ്രയേല്‍ ടീമുകളെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടിനെ യുവേഫയുടെ 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗവും പിന്തുണക്കുമെന്നാണ് റിപ്പോർട്ട്. സസ്പെൻഡ് ചെയ്താൽ, ഇസ്രയേലി ദേശീയ ടീം അടക്കമുള്ളവക്ക് അടുത്ത വര്‍ഷത്തെ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാൻ സാധിക്കില്ല.ഇസ്രയേല്‍ ടീം രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പുനരാരംഭിക്കും. നോര്‍വേയ്ക്കും ഇറ്റലിക്കും എതിരായ എവേ മത്സരങ്ങളോടെയാണ് തുടക്കം. ഫിഫ മേധാവി ഗിയാനി ഇന്‍ഫാന്റിനോയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കണക്കിലെടുക്കുമ്പോള്‍ ഫിഫ നടപടിയെ പിന്തുണയ്ക്കുമോ എന്നത് വ്യക്തമല്ല. യു എസിലും കാനഡയിലും മെക്സിക്കോയിലുമായാണ് അടുത്ത വർഷം ലോകകപ്പ് മത്സരങ്ങൾ. ഫിഫയുടെ ഭരണസമിതി അടുത്തയാഴ്ച സൂറിച്ചില്‍ യോഗം ചേരുന്നുണ്ട്. ഫിഫയുടെ 37 അംഗ കൗണ്‍സിലില്‍ യുവേഫയില്‍ നിന്നുള്ള എട്ട് പേരുണ്ട്.