ടിപ്പു സുല്‍ത്താന്‍റെ സ്വകാര്യശേഖരത്തില്‍പ്പെട്ട വാളുകളിലൊന്ന് ലണ്ടനില്‍ വന്‍തുകയ്ക്ക് ലേലം ചെയ്തു. ബോന്‍ഹാംസ് ഓക്ഷന്‍ ഹൗസ് നടത്തിയ ലേലത്തില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ടിപ്പുവിന്‍റെ വാള്‍ കൈമാറി. 1799ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശ്രീരംഗപട്ടണം യുദ്ധത്തില്‍ ഉപയോഗിച്ച വാളാണ് ഇത്. ടിപ്പുവിന്‍റെ അവസാന യുദ്ധമായിരുന്നു ഇത്. ‘മൈസൂര്‍ കടുവ’യുടെ മുദ്ര (ബുബ്‍രി) ആലേഖനം ചെയ്ത വാളില്‍ ‘ഹ’ എന്ന അറബി അക്ഷരവും സ്വര്‍ണത്തില്‍ മുദ്രണം ചെയ്തിട്ടുണ്ട്. ടിപ്പു സുല്‍ത്താന്‍റെ പിതാവ് ഹൈദരലിയുടെ പേരിന്‍റെ ആദ്യാക്ഷരമാണിത്. ശ്രീരംഗപട്ടണം യുദ്ധത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ജെയിംസ് ആന്‍ഡ്രൂസ് ഡിക്കിന്‍റെ കുടുംബത്തിന്‍റെ കൈവശമായിരുന്നു ഈ വാള്‍ ഇത്രകാലവും. യുദ്ധത്തിനുശേഷം ടിപ്പുസുല്‍ത്താന്‍റെ മൃതദേഹം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തിലും ഡിക്ക് അംഗമായിരുന്നു. ഈ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്. ബ്രിട്ടീഷ് സൈന്യത്തിലെ എഴുപത്തഞ്ചാം ഹൈലാന്‍ഡ് റെജിമെന്‍റ് എന്ന കാലാള്‍പ്പടയിലെ ലെഫ്റ്റനന്‍റ് ആയിരുന്നു ജെയിംസ് ആന്‍ഡ്രൂസ് ഡിക്ക്. ടിപ്പുവിന്‍റെ കോട്ടയില്‍ ഏണിവച്ചുകയറി പ്രതിരോധം തകര്‍ത്ത സൈനികരാണ് ഈ റെജിമെന്‍റിലേത്. ശ്രീരംഗപട്ടണം യുദ്ധത്തില്‍ പങ്കെടുത്ത പേ മാസ്റ്റര്‍ പീറ്റര്‍ ചെറിക്ക് സമ്മാനിച്ച മെഡല്‍ 24 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയി. ‘ബ്രിട്ടീഷ് സിംഹം കടുവയെ കീഴടക്കി’ എന്ന് ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ടിപ്പുസുല്‍ത്താനും കര്‍ണാടക നവാബുമാരും തമ്മിലുള്ള രഹസ്യ ഉടമ്പടിയുടെ രേഖയ്ക്ക് ലേലത്തില്‍ 38.6 ലക്ഷം രൂപ ലഭിച്ചു. 1800 ഏപ്രില്‍ 6 എന്ന തീയതി വച്ചതാണ് ഈ രേഖകള്‍. നാലാം മൈസൂര്‍ യുദ്ധത്തിനുശേഷം കണ്ടെത്തിയ ഈ രേഖകളില്‍ ടിപ്പുവും കര്‍ണാടക നവാബുമാരായ മുഹമ്മദ് അലി ഖാന്‍ വല്ലാജ, ഉംദത്ത് അല്‍–ഉമാര എന്നിവരും തമ്മിലുള്ള രഹസ്യ സന്ദേശങ്ങളാണുള്ളത്.